ദേശീയവിദ്യാഭ്യാസ നയം; വിയോജിപ്പുകള്‍ കേന്ദ്രത്തെ അറിയിക്കും- ഡോ.കെ.ടി ജലീല്‍
ദേശീയവിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വിയോജിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ 'ദേശീയവിദ്യാഭ്യാസ നയം എന്ത് ? എങ്ങനെ ? ' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശങ്കാജനകമായ ചില നിര്‍ദേശങ്ങള്‍ കരട് വിദ്യാഭ്യസ നയത്തില്‍ പറയുന്നുണ്ട്. മൗലികാവകാശമെന്ന നിലയിലല്ല പുതിയ നയം വിദ്യാഭ്യാസത്തെ സമീപിക്കുന്നത്. പണം കൊടുത്ത് ആര്‍ജിക്കേണ്ട വാണിജ്യ വസ്തുവെന്ന രൂപത്തിലാണ് പല നിര്‍ദേശങ്ങളുമുള്ളത്. സമത്വത്തിനും മതേതരത്വത്തിനും ഊന്നല്‍ നല്‍കുന്ന രീതിയിലല്ല നയം തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുല്‍ ഗഫൂര്‍, സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ ടി.രത്നാകരന്‍, കൈറ്റ് ജില്ല കോഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റര്‍ എം.മണി എന്നിവര്‍ സംസാരിച്ചു. കേന്ദ്രവിദ്യാഭ്യാസ നയവും പൊതുവിദ്യാഭ്യസവും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടനും കേന്ദ്രവിദ്യാഭ്യാസ നയവും അധ്യാപക വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. ആര്‍.കെ ജയപ്രകാശും പ്രബന്ധം അവതരിപ്പിച്ചു.
- Log in to post comments