Skip to main content

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

തിരുവനന്തപുരം കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരിയെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനും 2017 നവംബര്‍ മൂന്നു മുതല്‍ ആറു വര്‍ഷത്തേക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2010 ല്‍ നടന്ന പൊതു തെരഞ്ഞടുപ്പില്‍ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒമ്പതില്‍ നിന്നും   പ്രസന്നകുമാരി സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചിരുന്നു. അംഗത്വ കാലാവധി 2015 ഒക്‌ടോബര്‍ 31 വരെ ഉണ്ടായിരിക്കെ,  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 14ന് നോമിനേഷന്‍ നല്‍കുകയും 17 വരെ പില്‍വലിക്കാതിരിക്കുകയും ചെയ്തു.

അംഗത്വ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, അംഗത്വം രാജിവയ്ക്കാതെ അതേ വാര്‍ഡില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഈ നടപടികള്‍ക്കെതിരേ വാര്‍ഡ് ഒന്നിലെ സി.പി.ഐ(എം) അംഗം ഷിബു.ജി.ആര്‍  സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ നടപടി എടുത്തത്. 

പി.എന്‍.എക്‌സ്.4711/17
 

date