Skip to main content

ആന്തൂര്‍ സര്‍വ്വെ പരിശീലന കേന്ദ്രത്തില്‍  ആദ്യ ബാച്ച് പരിശീലനം തുടങ്ങി 

    ആന്തൂരില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വ്വെ പരിശീലന കേന്ദ്രത്തില്‍ ആദ്യ ബാച്ചിനുള്ള പരിശീലനം എഡിഎം ഇ പി മേഴ്‌സി ഉദ്ഘാടനം ചെയ്തു. റവന്യൂ ജീവനക്കാര്‍ക്കുള്ള ഹയര്‍ സര്‍വ്വെ പരിശീലന ക്ലാസുകളും വിദ്യാര്‍ഥികള്‍ക്കുള്ള ചെയിന്‍ സര്‍വ്വെ ക്ലാസുകളുമാണ് ആരംഭിച്ചത്. വിദേശത്തടക്കം ജോലി സാധ്യതയുള്ള ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍, ജിപിഎസ് തുടങ്ങിയ ആധുനിക സര്‍വ്വെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള കോഴ്‌സുകളും ഒരുക്കിയിട്ടുണ്ട്.    
    പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും നിയമങ്ങള്‍ അനുസരിച്ച് സാധ്യമായ സഹായങ്ങള്‍ ലഭ്യമാക്കണമെന്നും എഡിഎം പറഞ്ഞു. ആധുനിക സര്‍വ്വെ ഉപകരണങ്ങളിലുള്ള കോഴ്‌സുകള്‍ ഇതിന് സഹായകരമാണെന്നും എഡിഎം കൂട്ടിച്ചേര്‍ത്തു. ആധുനിക സര്‍വ്വെ ഉപകരണങ്ങളില്‍ പരിശീലനം നല്‍കുക വഴി ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളിലും സ്വകാര്യ മേഖലയിലും ജോലി സാധ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 
    സര്‍വ്വെയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള രണ്ടാമത്തെ ആധുനിക സര്‍വ്വെ പരിശീലന കേന്ദ്രമാണ് ആന്തൂരിലേത്. ആധുനിക ക്ലാസ് മുറികള്‍, കംമ്പ്യൂട്ടര്‍ ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, സര്‍വ്വെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റോര്‍ റൂം, ഓഫീസ് റൂം എന്നീ സൗകര്യങ്ങളോടുകൂടിയാണ് പരിശീലന കേന്ദ്രം ഒരിക്കിയിരിക്കുന്നത്. 2018 ജൂണിലായിരുന്നു ഒരു കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സര്‍വ്വെ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. 
    ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്വപ്‌ന മേലൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ സുരേശന്‍ കണിച്ചേരിയന്‍, ജില്ലാ സര്‍വ്വെ സൂപ്രണ്ട് കെ ബാലകൃഷ്ണന്‍, സര്‍വ്വെ സൂപ്രണ്ടുമാരായ രാജീവന്‍ പട്ടത്താരി, രാജന്‍ പടുവിലാന്‍, എം ഉണ്ണിക്കൃഷ്ണന്‍, ആന്തൂര്‍ വില്ലേജ് ഓഫീസര്‍ കെ സി ജിസ്‌ന, ഹെഡ് സര്‍വ്വെയര്‍ റോയ് തോമസ്, ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ കെ എം പീതാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.   
പി എന്‍ സി/2756/2019
 

date