സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി
മൃഗസംരക്ഷണ വകുപ്പ് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. രാമജയം യു പി സ്‌കൂളില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു. കോഴി വളര്‍ത്തലില്‍ കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാക്കുക, മുട്ട ഉല്‍പാദനം വര്‍ധിപ്പിക്കുക, കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് അഞ്ച് വീതം മുട്ടക്കോഴികളും 100 രൂപയുടെ തീറ്റയും പദ്ധതിയിലൂടെ വിതരണം ചെയ്തു. മുണ്ടയാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴികളാണ് വിതരണം ചെയ്തത്. കോഴി വളര്‍ത്തല്‍ സംബന്ധിച്ച കൈപ്പുസ്തകവും ഇതോടൊപ്പം നല്‍കി. മുട്ടയുല്‍പാദനം, വില്‍പ്പന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവും പുസ്തകത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ പൗള്‍ട്രീ ക്ലബ്ബും പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചു.
ചടങ്ങില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ മിനി അധ്യക്ഷത വഹിച്ചു. സി രൂപ, കെ സരിത, പി കെ ഗിരിജ, സുമീര്‍ എന്നിവര്‍ സംസാരിച്ചു. കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഡോ. വി പ്രശാന്ത് ക്ലാസെടുത്തു.
പി എന്‍ സി/2758/2019
- Log in to post comments