Skip to main content

ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ നല്‍കിയത് 4366 കോടിയുടെ വായ്പ

 

കാര്‍ഷിക മേഖലയില്‍ 2017 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ജില്ലയില്‍ നല്‍കിയത് 4366 കോടിയുടെ വായ്പ. 7040 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയില്‍ ബാങ്കുകള്‍ ലക്ഷ്യമിടുന്നത്. ലക്ഷ്യത്തിന്റെ 62 ശതമാനം നേട്ടമാണ് കൈവരിക്കാനായത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ നൂറുശതമാനം നേട്ടം കൈവരിക്കാനാകുമെന്ന് ജില്ലാ തല ബാങ്കിംഗ് അവലോകനയോഗം വിലയിരുത്തി. ഈ കാലയളവില്‍ 31784 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിലുണ്ടായത്. ഇതില്‍ 9433 കോടി പ്രവാസികളുടേതാണ്.  മലപ്പുറം മഹീന്ദ്രപുരി ഓഡിറ്റോറിയത്തില്‍ നടന്ന അവലോകനയോഗം പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഗുണകരമായ വായ്പാ പദ്ധതികളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ബാങ്കുകള്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍ അധ്യക്ഷതവഹിച്ചു.
കനറാ ബാങ്ക് അഡീഷണല്‍ ജനറല്‍ മാനേജര്‍ എം. ജലീല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നബാഡ് ഡി.ഡി.എം ജെയിംസ് പി. ജോര്‍ജ്, ആര്‍.ബി.ഐ എല്‍.ഡി.ഒ ഹാര്‍ലിന്‍ ഫ്രാന്‍സിസ് ചിറമേല്‍, ലീഡ് ബാങ്ക് മാനേജര്‍ ടി.പി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

date