ലൈഫ്മിഷന്‍ നിര്‍മ്മാണ സാമഗ്രികള്‍ 60 ശതമാനം വരെ വിലക്കുറവില്‍
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഇനി മുതല്‍ 40 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ എല്ലാ നിര്‍മ്മാണ സാമഗ്രികളും ലഭിക്കും. സിമന്റ്, കമ്പി, പ്ലമ്പിംഗ്, വയറിംഗ് സാമഗ്രികള്‍, പൈപ്പുകള്‍, വാട്ടര്‍ടാങ്ക്, പെയിന്റ് തുടങ്ങിയവയാണ് ലഭിക്കുന്നത്.
കുറഞ്ഞ വിലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കുന്ന ജില്ലയിലെ ഡീലര്‍മാരുടെ വിവരങ്ങള്‍ പഞ്ചായത്ത്/മുനിസിപ്പല്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കും. ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തിലെ ഗുണഭോക്താവാണ് എന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇതിനായി ഗുണഭോക്താവ് ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പല്‍ ഓഫീസില്‍ എത്തി തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. ഈ കാര്‍ഡുമായി ജില്ലയിലെ അംഗീകൃത ഡീലര്‍മാരെ സമീപിച്ചാല്‍ കുറഞ്ഞ നിരക്കില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാകുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ അറിയിച്ചു.
ഭൂരഹിത ഭവന രഹിതരുടെ അര്‍ഹതാപരിശോധന
ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ നടപ്പിലാക്കുന്ന ഭൂരഹിത ഭവനരഹിതരുടെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുളള ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അര്‍ഹതാ പരിശോധന ജില്ലയില്‍ ആരംഭിച്ചു. ഇതിനായി ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഗുണഭോക്താവിന്റെയോ കുടുംബാംഗങ്ങളുടെയോ പേരില്‍ ഭൂമിയില്ലെന്നും പരമ്പരാഗതമായി ഭൂമി കൈമാറി കിട്ടാന്‍ സാധ്യതയില്ലെന്നുമുളള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, ഗുണഭോക്താവ് ഇപ്പോള്‍ മറ്റൊരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ് താമസിക്കുന്നതെങ്കില്‍
അവിടെ നിന്നുളള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഇവയുമായി അതാത് ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി ഓഫീസുകളില്‍ ആഗസ്റ്റ് 15 നകം എത്തി അര്‍ഹത തെളിയിക്കണം.
രണ്ടായിരം പൂര്‍ത്തിയാക്കി ഇടുക്കി ജില്ല
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ രണ്ടാം ഘട്ടമായ ഭൂമിയുളള ഭവന രഹിതരുടെ ഭവന നിര്‍മ്മാണത്തില്‍ ഇടുക്കി ജില്ല മികച്ച പുരോഗതി കൈവരിച്ചു. ഇതിനോടകം കരാര്‍ ഒപ്പു വച്ച 10437 ഗുണഭോക്താക്കളില്‍ 2049 പേര്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2536 ഗുണഭോക്താക്കള്‍ മേല്‍ക്കൂര വരെയും 2557 ഗുണഭോക്താക്കള്‍ ലിന്റല്‍ വരെയും 2097 ഗുണഭോക്താക്കള്‍ തറവരെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തിലും 2 മുന്‍സിപ്പാലിറ്റികളിലുമായി 11862 ഗുണഭോക്താക്കളാണ് അര്‍ഹരായുളളത്. ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഏതെങ്കിലും വിധതതില്‍ ഭൂമി ലഭിച്ചിട്ടുണ്ടെങ്കില്‍ അവരെയും ഭൂമിയുളള ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം തന്നെ ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുന്നതാണ്. ത്രിതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഹഡ്‌കോ വായ്പയും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്നത്. കൂടാതെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന 90 തൊഴില്‍ ദിനങ്ങള്‍ വഴി 25000/- രൂപയോളം അധികമായും ലഭിക്കും. ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് നിര്‍മ്മാണ സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രയുമായും വിവിധ സ്വകാര്യ കമ്പനികളുമായും ധാരണാപത്രം ഒപ്പിട്ടതും ഗുണഭോക്താക്കള്‍ക്ക് നേട്ടമായി. ഇതിനോടകം കരാറില്‍ ഏര്‍പ്പെട്ട മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും.
- Log in to post comments