Skip to main content

ഭരണാനുമതി ലഭിച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണം:   ജില്ലാ വികസന സമിതി   

 ജില്ലയിലെ ഭരണാനുമതി ലഭിച്ച വിവിധ പദ്ധതികള്‍ സാങ്കേതികാനുമതി ലഭിക്കാത്തതിനാലും മറ്റും അനിശ്ചിതമായി വൈകുന്നത് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് സത്വര നടപടികള്‍ ഉണ്ടാവണമെന്ന് ജില്ലാവികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. പല പദ്ധതികളും സാങ്കേതികമോ നിസ്സാരമോ ആയ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്. ഭരണാനുമതി ലഭിച്ച റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതികാനുമതി ലഭിക്കാത്തിനാല്‍  മാസങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു.
    പഴയങ്ങാടി ബസ് സ്റ്റാന്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രവൃത്തികള്‍ക്ക് ഒരുവര്‍ഷം മുമ്പ് അംഗീകാരം ലഭിക്കുകയും ഫണ്ട് ലഭ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഒരു വര്‍ഷമായിട്ടും പദ്ധതി ആരംഭിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
   പഴശ്ശി കനാലില്‍ മല്‍സ്യകൃഷി ചെയ്യുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച്് പദ്ധതി എത്രയും വേഗം ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശം നല്‍കി. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുന്ന 16 പ്രവൃത്തികളില്‍ 12 എണ്ണത്തിന് ഇതിനകം അനുമതി ലഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ യോഗത്തെ അറിയിച്ചു. 
    പഴയങ്ങാടി ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന താല്‍ക്കാലിക ബോട്ട് ജെട്ടി, നടപ്പാത, ടോയ്‌ലറ്റ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ടി.വി രാജേഷ് എം.എല്‍.എ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നേരത്തേപഞ്ചായത്ത് തീരുമാനമെടുക്കുകയും ഡി.ടി.പി.സിക്ക് കൈമാറുകയും ചെയ്ത സ്ഥലത്താണ് 90 ലക്ഷത്തിന്റെ പ്രവൃത്തി ആരംഭിച്ച ശേഷം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് എം.എല്‍.എ പറഞ്ഞു. 
    കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/4930/2017

date