Skip to main content

സര്‍ക്കാര്‍ പരിപടികളില്‍ ഹരിതപെരുമാറ്റച്ചട്ടം:  നടപടികള്‍ ശക്തമാക്കണം     

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന പരിപാടികളിലും ചടങ്ങുകളിലും ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി നേരത്തേ സര്‍ക്കാര്‍ ചടങ്ങുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കവറുകള്‍, ഡിസ്‌പോസബ്ള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയവ പൂര്‍ണമായും ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ ചില വകുപ്പുകളുടെ പരിപാടികളില്‍ ഈയിടെയായി അവ കടന്നുവരുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. 
    പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ബൊക്കെയും വെള്ളം കുടിക്കുന്നതിനുള്ള സ്‌ട്രോയും അടക്കമുള്ള സാധനങ്ങള്‍ പോലും സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാണ് ചില സാധനങ്ങള്‍ നല്‍കുന്നത്. അതിന് ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സമ്മേളനങ്ങളും മറ്റ് പരിപാടികളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് സംഘടിപ്പിക്കുന്നത്. ഇതേമാതൃക സ്വീകരിക്കാന്‍ വിവിധ സര്‍വീസ് സംഘടനകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി എന്‍ സി/4931/2017

date