Skip to main content

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള  കൂടിക്കാഴ്ച  27 ന്

 

   എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടത്തുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികളായ കെസ്‌റു ( 1 ലക്ഷം), ജോബ് ക്ലബ് (10 ലക്ഷം), എന്നിവയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച ആഗസ്റ്റ് 27 രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.   ഒരു ലക്ഷം രൂപ വരുമാന പരിധിയിലുളളവരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവില്‍ ഉളളവരും ആയ യുവതീയുവാക്കള്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ നിലവിലുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ആഗസ്റ്റ് 24  നകം അപേക്ഷ സമര്‍പ്പിക്കണം.   കെസ്‌റു പദ്ധതിയ്ക്കുളള ഉയര്‍ന്ന പ്രായപരിധി 50 വയസ്സും, രണ്ട് മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ ചേര്‍ന്നുളള ജോബ്ക്ലബ് പദ്ധതിയ്ക്കുളള ഉയര്‍ന്ന പ്രായപരിധി (നിയമാനുസൃത വയസ്സിളവ് ബാധകം) 45 വയസ്സുമാണ്.  ജോബ് ക്ലബിനായുളള അപേക്ഷയോടൊപ്പം പ്രോജക്ട് റിപ്പോര്‍ട്ട് ഉളളടക്കം ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. 

 

 

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് വെളളിമാടുകുന്ന് സാമൂഹ്യ നീതി കോംപ്ലക്‌സിലെ 18 വയസ്സിനു താഴെ പ്രായമുളള കുട്ടികളുടെ സ്ഥാപനമായ ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ് സ്ഥാപനത്തില്‍ കെ.എസ്.എസ്.എം മുഖേന അനുവദിച്ചിരിക്കുന്ന രണ്ട് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ഒരു പുരുഷന്‍, ഒരു സ്ത്രീ) ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നതിനായി ആഗസ്റ്റ് 21 ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ ഇന്റര്‍വ്യൂ നടത്തും. യോഗ്യത - എട്ടാം ക്ലാസ്സ്/കുട്ടികളെ പരിചരിച്ചുളള പരിചയം. പ്രായം 50 വയസ്സില്‍താഴെ. സ്ഥലം - ജില്ലാ വനിതാശിശുവികസന ഓഫീസറുടെ കാര്യാലയം, ബി ബ്ലോക്ക് രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്. ഫോണ്‍ - 0495 2731907. 

 

ജില്ലാതല കമ്മിറ്റിയുടെ യോഗം  19 ന്

 

വ്യാജമദ്യ ഉല്പാദനം, വിതരണം, വില്പന എന്നിവ പൊതുജന പങ്കാളിത്തത്തോടെ തടയുന്നതിനുവേണ്ടിയുളള ജില്ലാതല കമ്മിറ്റിയുടെ യോഗം ആഗസ്റ്റ് 19 ന് ഉച്ചയ്ക്ക് നാല് മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐ  യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, സര്‍വ്വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡിലേക്കുളള  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യത പ്രസ്തുത  ട്രേഡില്‍ ഐ.ടി.ഐ യും മുന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ്. , എല്‍.എം.വി ലൈസന്‍സ് അഭികാമ്യം. 

സര്‍വ്വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡുകളിലെ  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പ്രസ്തുത ട്രേഡുകളില്‍ ഐ.ടി.ഐ യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/സിവില്‍ എഞ്ചിനീയറിംഗില്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

ഗസ്റ്റ് ഇന്‍സ്‌ട്രേക്ടര്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 21 ന് രാവിലെ 10  മണിക്ക് ഗവ.ഐ.ടി.ഐ കോഴിക്കോട് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ   പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0495-2377016.

 

ടെണ്ടര്‍ ക്ഷണിച്ചു

മേലടി ബ്‌ളോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണപ്രവൃത്തി എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍  നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് കരാറുകാരില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്ത് 19 ഉച്ചയ്ക്ക് 1 മണി.  ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍  പ്രവൃത്തി ദിവസങ്ങളില്‍  ഓഫീസില്‍ നിന്നും  ലഭ്യമാണ്. ഫോണ്‍ :  0496  2602031. 

 

ആചാരസ്ഥാനീകര്‍/കോലധാരികള്‍ : ധനസഹായം വിതരണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഡിവിഷനു കീഴിലെ നിലവില്‍ ധനസഹായം കൈപ്പറ്റിവരുന്ന ആചാരസ്ഥാനീകര്‍/കോലധാരികള്‍ എന്നിവരുടെ 2019 ജനുവരി മുതല്‍ ജൂണ്‍ വരെയുളള ധനസഹായം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ അസി. കമ്മീഷണറുടെ ഓഫീസില്‍ ആഗസ്റ്റ് 19,20,21 തീയതികളിലായി വിതരണം ചെയ്യും. ആചാരസ്ഥാനീകര്‍ അവര്‍ തുടര്‍ന്നുവരുന്ന ക്ഷേത്രത്തിലെ തന്ത്രിയുടെ/ആചാരപ്പേര് വിളിക്കുന്നയാളുടെ സാക്ഷ്യപത്രവും, ഐഡന്റിറ്റി കാര്‍ഡും ഹാജരാക്കണം. കോലധാരികള്‍ ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കണം. എല്ലാവരും നിര്‍ബന്ധമായും ഐ.എഫ്.എസ്.സി കോഡുളള ബാങ്ക് പാസ്ബുക്ക് ഹാജരാക്കണം.

 

ഡോക്‌സി വണ്ടി പുറപ്പെട്ടു

പ്രളയത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി ആരോഗ്യവകുപ്പ് വിവിധ  തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുന്നു. . ഇതിന്റെ  ഭാഗമായി ഡോക്‌സി വണ്ടി ആരംഭിച്ചു. ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍,  റെയില്‍വേ സ്റ്റേഷന്‍,  ബസ് സ്റ്റാന്‍ഡ്, കെ എസ്ആര്‍ടിസി സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഡോക്‌സി വണ്ടി എത്തി എലിപ്പനിയെ കുറിച്ച്  ബോധവല്‍ക്കരണം നടത്തും.  ഡോക്‌സിസൈക്ലിലൂടെ  എലിപ്പനിയെ പ്രതിരോധിക്കുന്നത് എങ്ങനെ എന്ന് വിശദമാക്കും.   കൂടാതെ ജനങ്ങള്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്യും.  ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം,  മെഡിക്കല്‍ കോളേജിലെ അപ്പോത്തിക്കിരി  ടീം  എന്നിവര്‍ സംയുക്തമായാണ് ഡോക്‌സി വണ്ടി നടപ്പിലാക്കുന്നത്. ഡോക്‌സി  വണ്ടി സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി  ഡോക്‌സി ഗുളിക കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.  ആരോഗ്യകേരളം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍ എ ചടങ്ങില്‍ പങ്കെടുത്തു.

 

വാഹനം  : ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ കൊടുവളളി ഐ.സി.ഡി.എസ് ന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് ഓടാന്‍ താല്‍പര്യമുളളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26 ന് ഒരു മണി വരെ. ഫോണ്‍ - 8281999301.

 

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലേയ്ക്ക് കരാര്‍ മുഖാന്തിരം ജെഎസ്എസ്‌കെ- മാതൃയാനം പദ്ധതി പ്രകാരം അമ്മമാരെ ടാക്‌സിയില്‍ വീട്ടില്‍ എത്തിക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനത്തിനായി വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ  നിശ്ചിത ഫോറത്തില്‍ മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. 2020 ജൂലൈ 31 വരെയാണ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കേണ്ടത്.  ആവശ്യമായ വാഹനങ്ങളുടെ എണ്ണം 40. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ്  17 ന് വൈകീട്ട് അഞ്ച് മണി വരെ. ഫോണ്‍ - 0495 2350708.

 

ഓണം പ്രമാണിച്ച് ഖാദിക്ക് റിബേറ്റ്

കോഴിക്കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴിലെ എല്ലാ വില്പന ശാലകളിലും ഓണം പ്രമാണിച്ച് ഖാദി കോട്ടണ്‍, സില്‍ക്, പോളി തുണിത്തരങ്ങള്‍ക്ക് ആഗസ്റ്റ് 16 മുതല്‍ സെപ്തംബര്‍ 10 വരെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ്/ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2366156. 

 

ക്ഷീര പരിശീലന കേന്ദ്രം പരിശീലന പരിപാടികള്‍ മാറ്റി

2019-20 വാര്‍ഷിക പദ്ധതി പ്രകാരം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ നടത്താനിരുന്ന തീറ്റപ്പുല്‍കൃഷി പരിശീലനവും  ആഗസ്റ്റ് 20, 21 തീയതികളില്‍ നടത്താനിരുന്ന ഭരണസമിതി അംഗങ്ങള്‍ക്കുളള പരിശീലനവും പ്രളയ പശ്ചാത്തലത്തില്‍ മാറ്റിയതായി അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

 

പ്രളയം: ക്ഷീര കര്‍ഷകര്‍ക്ക് താല്‍ക്കാലികശ്വാസമായി വിവിധ പ്രവര്‍ത്തനങ്ങള്‍ 

പ്രളയം ആരംഭിച്ച ഉടനെ തന്നെ ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി വിവിധ ക്ഷീരവികസനവകുപ്പ് പരിപാടികള്‍. അടിയന്തിരമായി കാലിത്തീറ്റ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും 1500 ചാക്ക് കാലിത്തീറ്റ ഇതിനകം തന്നെ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷക ദുരന്ത നിവാരണ കമ്മറ്റി അടിയന്തിരമായി ജില്ലയിലെ ക്ഷീര സംഘം പ്രതിനിധികള്‍, ക്ഷീര, കര്‍ഷക ക്ഷേമനിധി ഭരണസമിതി അംഗം, മൃഗസംരക്ഷണ വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ് എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരുകയും കര്‍മ പരിപാടികള്‍ ആസുത്രണം നടത്തുകയും ചെയ്തു. ദുരന്തബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലികള്‍ക്ക് നല്‍കുന്നതിനായി അടിയന്തിരമായി 22 ടണ്‍ വൈക്കോള്‍ വിതരണം നടത്തുന്നതിനും 2100 കി.ഗ്രാം ടി.എം.ആര്‍ വിതരണം നടത്തുന്നതിനും നടപടി സ്വീകരിച്ചു. പ്രളയ സമയത്ത് കന്നുകാലികളെ മാറ്റി പാര്‍പ്പിക്കുന്നതിന് ചെലവായ തുക, മില്‍മ പാല്‍ സംഭരണം നടത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ സംഘത്തില്‍ സംഭരിച്ച പാല്‍ മില്‍മയുടെ ഡയറി പ്ലാന്റില്‍ നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങള്‍ക്ക് ചെലവായ തുക എന്നിവ ആനുപാതികമായി അനുവദിച്ചിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ ഉദ്യോഗസ്ഥര്‍ പ്രളയ ബാധിതരായ ക്ഷീര സംഘങ്ങളും കര്‍ഷകരുമായി നിരന്തരം ഇടപെടലുകള്‍ നടത്തുകയും ക്ഷീര കര്‍ഷകരെ പുനരധിവസിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

 

 

 

ഇന്റര്‍വ്യു മാറ്റിവച്ചു.

 

കോഴിക്കോട് അര്‍ബന്‍ 2 ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികളില്‍ ഒഴിവുള്ള ഹെല്‍പര്‍ തസ്തികയില്‍ ആഗസ്റ്റ് 16 ന് നടത്താനിരുനന ഇന്റര്‍വ്യു ആഗസ്റ്റ് 27ന് നടത്തും. ആഗസ്റ്റ് 13, 14-ന് നടത്താനിരുന്ന ഇന്റര്‍വ്യു ആഗസ്റ്റ് യഥാക്രമം 24, 26-തീയതികളിലേക്ക് മാറ്റി വച്ചിരുന്നു.

 

 

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക. ഡി.എം.ഒ

 

 

വെളളപ്പൊക്കത്തിനു ശേഷം എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അറിയിച്ചു. മലിനജലത്തിൽ ഇറങ്ങി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരും മീൻ പിടിക്കാനും മറ്റാവശ്യങ്ങൾക്കുമായി വെള്ളത്തിലിറങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടവരും നിർബന്ധമായും ഡോക്സി സൈക്ലിൻ ഗുളിക 200 മി.ഗ്രാം (100 മി.ഗ്രാംxരണ്ടു ഗുളിക ) ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടതാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ തുടർന്നും ഏർപ്പെടുന്നവർ ഒരാഴ്ചക്കു ശേഷം വീണ്ടും ഗുളിക കഴിക്കേണ്ടതാണ്.

പാടങ്ങളിൽ പണിക്കിറങ്ങുന്നവരും കന്നുകാലി വളർത്തലിൽ ഏർപ്പെട്ടവരും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരും നിർബന്ധമായും ഗുളിക കഴിക്കേണ്ടതാണ്. ശരീരത്തിൽ മുറിവുകളുള്ളവർ മലിനജലസമ്പർക്കം ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ, കൈയ്യുറ, കാലുറ തുടങ്ങിയ വ്യക്തി സുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. പനി, കണ്ണിനു ചുവപ്പ്,പേശീ വേദന എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഉടനടി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.ഒരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്.

date