Skip to main content

ഉല്ലാസഗണിതം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം

ഒന്നാംതരം മുതൽ ഗണിതം പഠനം ലളിതവും ഉല്ലാസഭരിതമാക്കുന്നതിനുളള ഉല്ലാസഗണിതം പദ്ധതിക്ക് കടുപ്പശ്ശേരി തൊമ്മാന ഗവ. യു.പി സ്‌കൂളിൽ ജില്ലയിൽ തുടക്കം. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായായി പ്രൈമറി തലത്തിലുള്ള കുട്ടികളിൽ അടിസ്ഥാന ഗണിത ശേഷികൾ വികസിപ്പിക്കുന്നതിനായി വിനോദത്തിലൂടെ വിജ്ഞാനത്തിലേയ്ക്ക് കുട്ടികളെ നയിക്കുന്ന കർമ്മപദ്ധതിയാണിത്. എല്ലാ കുട്ടികളെയും ഗണിതത്തിൽ തൽപരരാക്കുകയും ഓരോ കുട്ടിയുടേയും പഠനവേഗത വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒന്നാംതരത്തിലെ എല്ലാ കുട്ടികൾക്കും ഗണിതത്തോട് ഇഴുകിച്ചേരാൻ മുത്തുകൾ, സ്മൈലി ബോളുകൾ, ബഹുവർണ ടോക്കണുകൾ, ചിത്രകാർഡുകൾ, സങ്കലന വ്യാഖ്യാന കാർഡുകൾ, ഗെയിം ബോർഡുകൾ, ഡൈസുകൾ തുടങ്ങി ആകർഷകമായ പഠനോപകരണങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഗണിതാശയങ്ങൾ കൂട്ടുകാരോടൊപ്പം കളിച്ചുപഠിക്കാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്. ഇതിനാവശ്യമായ പഠന കിറ്റുകൾ എസ്എസ് കെ നൽകും. കുട്ടികൾക്ക് സ്വയം പഠിക്കാൻ അവസരമൊരുക്കുകയും ഗണിതശേഷികൾ പൂർണമായും ആർജ്ജിക്കാൻ വഴിയൊരുക്കുകയുമാണ് ഉല്ലാസഗണിതം.

കെ യു അരുണൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷൻ കോ ഓഡിനേറ്റർ സിദ്ദിഖ് മുഖ്യാതിഥിയായി. ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസ് അലി മുഖ്യ പ്രഭാഷണം നടത്തി. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി. ഡി പ്രകാശ് ബാബു, വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ ബിന്ദു പരമേശ്വരൻ സ്വാഗതവും സ്‌കൂൾ പ്രിൻസിപ്പൽ മരിയ സ്റ്റെല്ല നന്ദിയും പറഞ്ഞു.

സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിതനൃത്താവിഷ്‌കാരം ശ്രദ്ധയാകർഷിച്ചു. ഗണിതാശയങ്ങളിൽ അധിഷ്ഠിതമായപുരാവസ്തുപ്രദർശനം, ഒറിഗാമി ക്രാഫ്റ്റ് വർക്ക്, നൂറിലധികം ഗണിത പഠനോപകരണങ്ങളുടെ പ്രദർശനം എന്നിവയും വിദ്യാർത്ഥികൾക്കായി ഗണിത കേളികളും സംഘടിപ്പിച്ചു.

date