Skip to main content

കിഫ്ബി: ജലഅതോറിട്ടിക്ക് 4,351.553 കോടിയുടെ പദ്ധതികൾ

ജല അതോറിട്ടിയുടെ 4,351.553 കോടിയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം. മൊത്തം 69 പദ്ധതികളാണ് കിഫ്ബിയിലൂടെ ജലഅതോറിട്ടി നടപ്പിലാക്കുന്നത്. ഇതിൽ 33 പദ്ധതികൾ 50 കോടിയിലധികം രൂപയുടെ മുടക്കുമുതലുള്ള പദ്ധതികളാണ്. ഇവയ്ക്ക് മാത്രം 3,373.80 കോടിരൂപ വേണ്ടിവരും. ശുദ്ധജലക്ഷാമം അനുഭവിക്കുന്ന ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നത്. ആലപ്പുഴയിൽ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് പ്രധാന പദ്ധതികൾ നടപ്പിലാക്കും. ഇതിന് 700.379 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കുട്ടനാട് ഡ്രിങ്കിങ്ങ് വാട്ടർ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിനായി 289.54 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കുടിവെള്ള വിതരണത്തിന് ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാൻ 211.709 കോടിയുടേയും ആല, പുലിയൂർ, ബുധന്നൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി പഞ്ചായത്തുകൾക്കും ചെങ്ങന്നൂർ മുനിസിപ്പാലിറ്റി പ്രദേശങ്ങൾക്കുമായി 199.13 കോടിയുടേയും പദ്ധതി തയാറാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ആറ് പദ്ധതികളിലായി 520.368 കോടി രൂപയാണ് അനുവദിച്ചത്. പൊന്നാനി, താനൂർ, വളാഞ്ചേരി, എടവായൂർ, രാമഞ്ചാടി, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നവയാണ് ഈ പദ്ധതികൾ. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് 108.698 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിൽ നാല് പദ്ധതികൾ നടപ്പിലാക്കും. 455.822 കോടിയാണ് ചെലവ്. കൊല്ലത്ത് 355.13 കോടി രൂപ മൂന്ന് പദ്ധതികളിലായി ചെലവഴിക്കും. പത്തനംതിട്ടയിൽ രണ്ട് പദ്ധതികളാണ് കിഫ്ബിയിൽ അംഗീകാരം കിട്ടിയത്. 110.7 കോടിയാണ് രണ്ട് പദ്ധതികൾക്കും കൂടി ചെലവ് വരുന്നത്. കോട്ടയം, ഏറ്റുമാനൂർ, കരിമ്പുക്കയം പദ്ധതികൾക്കായി 211.865 കോടി രൂപ കോട്ടയം ജില്ലയിൽ ചെലവഴിക്കും. എറണാകുളത്ത് അങ്കമാലി കുടിവെള്ള വിതരണ പദ്ധതിയുടെ വിപുലീകരണത്തിനുള്ള പദ്ധതിക്കായി 115.93 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തൃശൂർ നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ള ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്ന തൃശൂർ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 185 കോടിയാണുള്ളത്. ഇത് അടക്കം മൂന്ന് പദ്ധതികളാണ് തൃശൂരിൽ നടപ്പാക്കുന്നത്. ആകെ ചെലവ് 313.57 കോടി രൂപ. 69.54 കോടിയുടെ വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര ശുദ്ധജലവിതരണ പദ്ധതിയും 64.14 കോടിയുടെ മലമ്പുഴയിലെ വിവിധ പഞ്ചായത്തുകൾക്കായുള്ള കുടിവെള്ളവിതരണ പദ്ധതിയുമാണ് കിഫ്ബിയിലൂടെ പാലക്കാട് നടപ്പിലാക്കുന്നത്. ആകെ 133.68 കോടി രൂപ. കോഴിക്കോട് കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള 85 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കണ്ണൂരിൽ 295.36 കോടിരൂപ നാല് പദ്ധതികളിലായി ചെലവഴിക്കും. ഇരിട്ടി, തലശേരി, കൂത്തുപറമ്പ്, പേരാവൂർ, മുഴക്കുന്ന്, പയ്യം, അയ്യൻകുന്ന്, കുഞ്ഞിമംഗലം, ചെറുതാഴം, ഏഴിമല പ്രദേശവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് ഈ പദ്ധതികൾ. കാസർകോട് മുനിസിപ്പാലിറ്റിയിലും ചെമ്മനാട് പഞ്ചായത്തിലും കുടിവെള്ള ദൗർലഭ്യം പരിഹരിക്കായി 76 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. ഇവ കൂടാതെ 977.753 കോടിയുടെ 36 പദ്ധതികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
പി.എൻ.എക്‌സ്.3344/19

date