Skip to main content

കാലവര്‍ഷക്കെടുതിഃ സമാശ്വാസ വായ്പയ്ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം

കാലവര്‍ഷക്കെടുതി സമാശ്വാസ വായ്പയ്ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാമെന്ന് ജില്ലാ ബാങ്കിങ് അവലോകന സമിതി യോഗം വെളിപ്പെടുത്തി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ നടപ്പ് സാമ്പത്തിക വര്‍ഷ ഒന്നാം ത്രൈമാസിക ജില്ലാ ബാങ്കിങ് അവലോകന സമിതി യോഗത്തിലാണിക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ വായ്പയ്ക്ക് ഏകീകൃത യോഗ്യതാ മാനദണ്ഡം നടപ്പാക്കുന്നത് സംസ്ഥാനതല ബാങ്കിങ് സമിതിയുടെ പരിഗണനയിലാണ്. ഒക്ടോബര്‍ രണ്ടാം വാരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസ വായ്പാ ബോധവല്‍ക്കരണം സംഘടിപ്പിക്കും. വായ്പാ അപേക്ഷകന് സമര്‍പ്പിക്കേണ്ട രേഖകളുടെ ചെക്ക്‌ലിസ്റ്റ് നല്‍കും. അപേക്ഷ വച്ച് താമസിപ്പിക്കാതെ വായ്പ അനുവദിക്കാമെങ്കിലുമില്ലെങ്കിലും നിയമപരമായ സമയപരിധിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് അവലോകന സമിതി ബാങ്ക് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലാ ഭരണകൂടവും ജില്ലയിലെ ബാങ്കിങ് മേഖലയും പ്രളയപുനരധിവാസസഹായത്തിന് മാതൃകപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ലീഡ് ഡിസ്‌ക്ട്രിറ്റ് മാനേജര്‍ ജി. രാജഗോപാലന്‍ പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് തൊട്ടടുത്ത ത്രൈമാസിക കാലാവധിയുടെ ആദ്യമാസത്തിന്റെ പതിനഞ്ചാം തീയതിയ്ക്കകം ജില്ലാ സമിതിയ്ക്ക് സമര്‍പ്പിക്കണം. ലീഡ് ഡിസ്‌ക്ട്രിറ്റ് മാനേജര്‍ക്ക് ലഭിച്ച പരാതികള്‍ സമിതി വിലയിരുത്തി. വായ്പാ നിക്ഷേപാനുപാതം 127 ശതമാനമെന്നത് നല്ല ലക്ഷണമാണ്. കാര്‍ഷിക മേഖലയില്‍ 20 ശതമാനവും കാര്‍ഷികേതര എംഎസ്എംഇ മേഖലയില്‍ 26, മുന്‍ഗണനാ മേഖല 21, മുന്‍ഗണനേതര മേഖല 49 എന്നിങ്ങനെ മൊത്തം 23 ശതമാനത്തിന്റെ നേട്ടമാണ് പ്രസ്തുത കാലയളവില്‍ ജില്ലയില്‍ കൈവരിച്ചത്. മുന്‍ഗണനാ വിഭാഗത്തില്‍ 1297.47 കോടി രൂപ ജില്ലയില്‍ വിതരണം ചെയ്തു. ഇത് നല്ല നേട്ടമാണ്. കാര്‍ഷിക വായ്പ 783.33 കോടിയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 160.73 കോടിയും ഭവന വിദ്യാഭ്യാസ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗത്തില്‍ 353.41 കോടിയും അനുവദിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ വായ്പ എടുത്തവര്‍ക്കായി വായ്പ പുനക്രമീകരണം, മോറട്ടോറിയം എന്നിവ വിപുലമായ രീതിയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വായ്പ മോറട്ടോറിയം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്യാമ്പുകള്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് നടത്താനും തീരുമാനിച്ചു.
കാര്‍ഷികേതര മേഖലയൊഴികെയുള്ള എല്ലാ വിഭാഗത്തിലും ലക്ഷ്യം മറികടന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്നും യോഗം വിലയിരുത്തി. സ്വയം സഹായസംഘങ്ങളുടെ സാമ്പത്തിക വിശകലനത്തിന് നബാര്‍ഡ് ഒരുക്കിയിട്ടുള്ള ഇ-ശക്തി പോര്‍ട്ടല്‍ ഒറ്റ ക്ലിക്കിലൂടെ  സംഘങ്ങളുടെ വിവരം ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൃഷി, വ്യവസായം, കുടുംബശ്രീ, ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. എഡിഎം ആന്റണി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ബാങ്ക് മേഖല അസി. ജനറല്‍ മാനേജര്‍ വേദ പ്രകാശ് അറോറ മുഖ്യ പ്രഭാഷണം നടത്തി. ആര്‍ബിഐ ലീഡ് ഡിസ്‌ക്ട്രിറ്റ് ഓഫീസര്‍ പി.ജി. ഹരിദാസ്, നബാര്‍ഡ് ഡിഡിഎം അശോക് കുമാര്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

date