Skip to main content

കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ സമ്മാനമെത്തി *യു.പി.തലം മുതലുള്ളവര്‍ക്ക് 20 ലാപ്‌ടോപ്പുകള്‍ നല്‍കി

സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച കാഴ്ചപരിമിതിയുള്ള കുട്ടികളെത്തേടി 24 മണിക്കുറിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ            സമ്മാനമെത്തി.  നവംബര്‍ രണ്ടിന് വൈകിട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങളുന്നയിച്ചത്. വിശേഷങ്ങള്‍ തിരക്കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും കുട്ടികളോടൊപ്പം സ്‌നേഹപൂര്‍വം സമയം ചെലവിട്ട മുഖ്യമന്ത്രി കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കുനല്‍കുകയും ചെയ്തു.
    യു.പി. തലം മുതലുള്ള 20 കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കണമെന്നായിരുന്നു കുട്ടികളുടെ പ്രധാന ആവശ്യം. ഇത് 24 മണിക്കൂറിനുള്ളില്‍ പരിഗണിച്ചു മൂന്നാം തിയതി നാലുമണിയോടെ 20 ലാപ്‌ടോപ്പുകള്‍ സ്‌കൂളിലെത്തിക്കുകയായിരുന്നു. 
    ഭിന്നശേഷി നൈപുണ്യ കേന്ദ്രം അനുവദിക്കുക, ഭിന്നശേഷിക്കാര്‍ക്കുള്ള ഭക്ഷണവിഹിതം 50 രൂപയില്‍നിന്നു നൂറു രൂപയായി ഉയര്‍ത്തുക, വഴുതക്കാട് ഗവണ്‍മെന്റ് അന്ധവിദ്യാലയം ഹൈസ്‌കൂളായി ഉയര്‍ത്തുക, കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂളുകെള  കൂടി ഉള്‍പ്പെടുത്തുക, രോഗബാധിതയായ ഹലീനയ്ക്ക് ചികിത്സാസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സന്ദര്‍ശനവേളയില്‍ കുട്ടികള്‍ക്ക് മുഖ്യമന്ത്രി വാക്കു നല്‍കിയിരുന്നു.
    കുട്ടികളോട് അനുഭാവപൂര്‍വം പെരുമാറിയ മുഖ്യമന്ത്രിക്ക് പി.ടി.എ. പ്രസിഡന്റ് ജോണ്‍, പ്രഥമാധ്യാപകന്‍ അബ്ദുള്‍ ഹക്കീം, സ്റ്റാഫ് സെക്രട്ടറി ബി വിനോദ് തുടങ്ങിയവര്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നന്ദി അറിയിച്ചു.
പി.എന്‍.എക്‌സ്.4723/17
 

date