Skip to main content

ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.  
തേവാരപ്പുരയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ്പ് ഡയറക്ടർ കെ. ആർ. സോണയിൽ നിന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാരപ്രകാരം കൈമാറി. ദേവസ്വം മന്ത്രി കന്യാകുമാരി ദേവസ്വം ജോയിന്റ്കമ്മിഷണർ അൻപുമണിക്ക് ഉടവാൾ കൈമാറി.
എം.വിൻസന്റ് എം.എൽ.എ, കൊട്ടാരം ചാർജ് ഓഫീസർ സി.എസ്. അജിത്ത്കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.
തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് വ്യാഴാഴ്ച പദ്മനാഭപുരം കൊട്ടാരത്തിൽനിന്ന് എഴുന്നള്ളിച്ചത്. ഉടവാൾ കൈമാറ്റത്തിനുശേഷം സരസ്വതിവിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ചു. വാദ്യഘോഷത്തോടും വായ്ക്കുരവയോടുമാണ് ആനപ്പുറത്ത് സരസ്വതിവിഗ്രഹത്തിന്റെ തിടമ്പേറ്റിയത്. സായുധപോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. അവിടെ വിഗ്രഹങ്ങൾക്ക് കേരള സർക്കാർ വരവേൽപ്പ് നൽകി. തുടർന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. പല്ലക്കിലാണ് വേളിമല കുമാരസ്വാമിയെയും ശുചീന്ദ്രം മുന്നൂറ്റി നങ്കയെയും എഴുന്നള്ളിക്കുന്നത്.
വ്യാഴാഴ്ച രാത്രി വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തും. വെള്ളിയാഴ്ച രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതർ വരവേൽക്കും. വെള്ളിയാഴ്ച രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപൂജ. ശനിയാഴ്ച രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതൽ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.
സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥക്കുളത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ഒക്ടോബർ എട്ടിനാണ് പൂജയെടുപ്പ്. ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം 10ന് തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പുറപ്പെടുന്ന വിഗ്രഹഘോഷയാത്ര 12 ന് പദ്മനാഭപുരത്തെത്തും.
പി.എൻ.എക്‌സ്.3446/19

date