Skip to main content

വന്യ ജീവി ആക്രമണം:ജില്ലയില്‍ തൂക്കുവേലിയുള്‍പ്പടെ പുതിയ പദ്ധതികള്‍- മന്ത്രി കെ രാജു സംസ്ഥാനത്തെ ആദ്യ തൂക്ക് വേലി ശ്രീകണ്ഠാപുരത്ത് ഭൂരിഭാഗം അപേക്ഷകളിലും അനുകൂല തീരുമാനം കൈകൊണ്ട് വനം അദാലത്ത്

വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ തൂക്കുവേലി സ്ഥാപിക്കുന്നതടക്കമുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി കെ രാജു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് പുറമേ വനത്തിനുളളില്‍ വന്യമൃഗങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പു വരുത്താന്‍ സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധരായവര്‍ക്ക് പ്രതിഫലം നല്‍കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള  നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം വന്യ ജീവി വകുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല വനം അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറളം ഫാമില്‍ വന്യജീവി ആക്രമണം കുറയ്ക്കുന്നതിന്റെ ഭാഗമായി കാളികയം മുതല്‍ ഉരുട്ടിപ്പുഴ വരെയുള്ള 16.5 കിലോമീറ്റര്‍ നീളത്തില്‍ ആനമതിലും റെയില്‍ ഫെന്‍സിങ്ങും നിര്‍മ്മിക്കുന്നതിന് 27 കോടി രൂപ അനുവദിച്ചതായും കൊട്ടിയൂര്‍ റേഞ്ചില്‍ 12 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ്ങ് ചെയ്യുന്നതിന് ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊട്ടിയൂരില്‍ 10.2 കിലോമീറ്റര്‍ നീളത്തില്‍ ആനമതിലും 52 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിങ്ങും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശ്രീകണ്ഠാപുരത്ത് 15 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ്ങ് പൂര്‍ത്തീകരിച്ച് ഈ വര്‍ഷം ആറ് കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ്ങും ഏഴ് കിലോമീറ്റര്‍ തൂക്കുവേലിയും നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണ് ശ്രീകണ്ഠാപുരത്ത് നിര്‍മ്മിക്കുന്നത്. കൊട്ടിയൂര്‍ ആനത്താരക്ക് സ്ഥലം വിട്ടു നല്‍കിയ പതിനൊന്ന് കുടുംബങ്ങള്‍ക്കായി
1.68 കോടി രൂപ നല്‍കും. 5.46 ഹെക്ടര്‍ ഭൂമിയാണ് രണ്ടാം ഘട്ടത്തില്‍ ഏറ്റടുക്കുന്നത്. കൊട്ടിയൂര്‍ റേഞ്ചിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന 72 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 14.3 കോടിയുടെ പ്രപ്പോസല്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  
സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നഷ്ടപരിഹാരത്തുക ഇരട്ടിയാക്കിയിട്ടുണ്ടെന്നും വനമേഖലയിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍  ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പന്നികളുടെ എണ്ണം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കും. തടിയധിഷ്ഠിത വ്യവസായത്തില്‍ തടിമില്ലിന്റെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും പ്രശ്‌നത്തിന്  ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി. തടിമില്ലുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട് 46 അപേക്ഷകളാണ് ലഭിച്ചത്.  
22.10 ലക്ഷം രൂപയാണ് അദാലത്തില്‍ വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്. പാമ്പ് കടി ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇവര്‍ക്ക് വിവിധ തോതിലുള്ള ചികിത്സാ ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ചടങ്ങില്‍ വിതരണം ചെയ്തു. വന്യ ജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്ന് അപേക്ഷകളും പരിക്കുപറ്റിയതുമായി ബന്ധപ്പെട്ട് എട്ട് അപേക്ഷകളുമാണ് അദാലത്തില്‍ ലഭിച്ചത്. 124 അപേക്ഷകളാണ് കൃഷിനാശം ഉള്‍പ്പെടെയുള്ള വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചത്.
പരാതികള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. നഷ്ട പരിഹാരത്തുക ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ നല്‍കി കാത്തിരിക്കേണ്ട അവസ്ഥ ജനങ്ങള്‍ക്കുണ്ടാകരുത്. പരാതികള്‍ക്ക് പരിഹാരം കാണാന്‍ അടുത്ത അദാലത്ത് വരെ കാത്തിരിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ ലഭിച്ച 180 അപേക്ഷകളും അദാലത്തില്‍ പരിഗണിച്ചു. ഇതില്‍ 122 പരാതികളില്‍ അപേക്ഷകര്‍ക്ക് അനൂകൂലമായ തീരുമാനം കൈകൊണ്ടു. 38 അപേക്ഷകള്‍ തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിനായി അടുത്ത അദാലത്തിലേക്ക് മാറ്റി. ഈ അപേക്ഷകളിന്മേലും ഇന്ന് പുതുതായി ലഭിച്ച 23 അപേക്ഷകളിന്മേലും നാല് ആഴ്ചക്കുള്ളില്‍ നടപടി കൈകൊള്ളുമെന്ന് മന്ത്രി അറിയിച്ചു. 20 അപേക്ഷകള്‍ സ്ഥലപരിശോധനയടക്കമുള്ള അന്വേഷണത്തിന് ശേഷം നിരസിച്ചു.
മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എംപി, എം എല്‍ എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, മുഖ്യ വനം മേധാവി പി കെ കേശവന്‍, കൗണ്‍സിലര്‍ ലിഷ ദീപക്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ കാര്‍ത്തികേയന്‍, ഡി എഫ് ഒ കുറ ശ്രീനിവാസ്  തുടങ്ങിയവര്‍ പങ്കെടുത്തു.

date