Skip to main content

ഗാന്ധി ജയന്തി: ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ എക്‌സിബിഷന്‍, ഗാന്ധി സന്ദേശ റാലി, ചിത്ര രചന മത്സരം, വീഡിയോ കോണ്‍ടെസറ്റ് മികച്ച ശുചിത്വ നിലവാരമുള്ള ഓഫീസിന് പുരസ്‌ക്കാരം

ഈ വര്‍ഷത്തെ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഗാന്ധി ചരിത്ര ഫോട്ടോ പ്രദര്‍ശനം കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് സെന്‍്‌റ് മൈക്കിള്‍സ് സ്‌കൂളിലേക്ക് ഗാന്ധി ജയന്തി സന്ദേശ റാലി ആരംഭിക്കും. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എന്‍സിസി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്‍എസ്എസ് എന്നിവയുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്.
വാരാഘോഷ പരിപാടിയുടെ ഭാഗമായി ഒക്‌ടോബര്‍ അഞ്ചിന് യുപി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി വീഡിയോ കോണ്‍ടെസ്റ്റ്, തെരഞ്ഞെടുത്ത കോളനിയില്‍ ശുചീകരണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സാംസ്‌ക്കാരിക സംഗമം എന്നിവയും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ഏറ്റവും മികച്ച ശുചിത്വ നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ ഓഫീസിന് പുരസ്‌ക്കാരം നല്‍കും. കണ്ണൂര്‍ നഗര പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ജില്ലയിലെ വില്ലേജ് ഓഫീസുകള്‍, ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍, പൊലീസ് സ്‌റ്റേഷനുകള്‍ എന്നിവയുടെ ശുചിത്വ നിലവാരം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തും. തുടര്‍ന്നായിരിക്കും ശുചിത്വ മികവ് പുലര്‍ത്തുന്ന ഓഫീസുകളെ കണ്ടെത്തി പുരസ്‌ക്കാരം നല്‍കുക.
എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഒന്നിന് കണ്ണൂര്‍ നഗരത്തില്‍ വിളംബര സൈക്കിള്‍ റാലി, ഗാന്ധി ജയന്തി ദിനത്തില്‍ സമൂഹ ചിത്ര രചന, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്‌സി, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, മഹാത്മ മന്ദിരം പ്രസിഡണ്ട് സി പി നാരായണന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി സി സുനില്‍ കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി നിര്‍മലാ ദേവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, ഡിവൈഎസ്പി (ഡിസിആര്‍ബി) ടി പി പ്രേമരാജന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി എന്‍ സി/3314/2019

date