Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജുമായി സഹകരിച്ച് ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി സപ്തംബര്‍ 29 ന് കക്കാട് കേനന്നൂര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍ പരിസരത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.  മേയര്‍ സുമ ബാലകൃഷ്ണന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.  കുടിയേറ്റ തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള വിവിധ ക്ഷേമ പദ്ധതികള്‍, ആരോഗ്യ ശുചിത്വ സംബന്ധമായ കാര്യങ്ങള്‍ എന്നിവയെപ്പറ്റി അവരുടെ മാതൃഭാഷയില്‍ ബോധവല്‍ക്കരണ ക്ലാസ്, സൗജന്യ വൈദ്യപരിശോധന, മരുന്ന് വിതരണം, ആവാസ് കാര്‍ഡ് വിതരണം എന്നിവ  നടക്കും. എല്ലാ തൊഴിലുടമകളും തങ്ങളുടെ കീഴിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെ ക്യാമ്പില്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണം ചെയ്യേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ സാഫിന്റെ നേത്യത്വത്തില്‍ തീരനൈപുണ്യ പദ്ധതിയിലൂടെ മത്സ്യമേഖലയിലെ അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് 60 ദിവസത്തെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. പ്ലസ് ടു പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. അപേക്ഷ ഫോറം നോഡല്‍ ഓഫീസര്‍, സാഫ് കണ്ണൂരിന്റെ കാര്യാലയത്തിലും അതത് മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 10 ന് മുമ്പ് ലഭിക്കണം.  ഫോണ്‍: 0497 2732487, 7994903092, 8606510370, 8547439623.

കെയര്‍ ടേക്കര്‍ ഒഴിവ്
അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി എഡ് യോഗ്യതയുള്ള 35 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം സപ്തംബര്‍ 30 ന് രാവിലെ സ്‌കൂളില്‍ നേരിട്ട് ഹാജരാകരണം.

ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ലിംമ്പ് ഫിറ്റിംഗ് സെന്ററിലേക്ക് വിവിധ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ ഒമ്പതിന് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

കണ്ണൂര്‍ സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം;
സംഘാടക സമിതി രൂപീകരിച്ചു
മുഴപ്പിലങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്‌ടോബര്‍ 17, 18 തീയതികളിലായി നടക്കുന്ന  കണ്ണൂര്‍ സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി  രൂപീകരണ യോഗം മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് ഉദ്ഘാടനം ചെയ്തു.  കണ്ണൂര്‍ സൗത്ത് എ ഇ ഒ ടി കെ സുരേഷ് ബാബു, പി ടി എ പ്രസിഡണ്ട് അജിത്ത് കുമാര്‍, എച്ച് എം ഫോറം സെക്രട്ടറി സി ദിനേശ് ബാബു, പി വി പ്രദീപന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ശോഭ, പി വിനീത എന്നിവര്‍ സംസാരിച്ചു.  രണ്ടായിരത്തിലധികം മത്സരാര്‍ഥികള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കും.  
ഭാരവാഹികള്‍-മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് (ചെയര്‍മാന്‍), പ്രിന്‍സിപ്പല്‍ ഹരീഷ് കുമാര്‍(ജനറല്‍ കണ്‍വീനര്‍), ഹെഡ്മാസ്റ്റര്‍ ബാബു മഹേശ്വരി പ്രസാദ്(ജോ.കണ്‍വീനര്‍), എന്‍ കെ സതീശന്‍(പ്രോഗ്രാം കണ്‍വീനര്‍).

ഗതാഗതം നിരോധിച്ചു
പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ തലശ്ശേരി വാടിക്കല്‍ എം എം റോഡ് വഴിയുള്ള വാഹനഗതാഗതം സപ്തംബര്‍ 30 മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലോക പേവിഷബാധ ദിനാചരണം :ജില്ലാതല ഉദ്ഘാടനവും  ബോധവല്‍ക്കരണ സെമിനാറും നടത്തി
ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ.ഇ മോഹനന്‍ നിര്‍വഹിച്ചു.  ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. സി  പി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ.ബി സന്തോഷ്,  ഡോ. സി സിദ്ദിഖ്,  ഡോ. പി മഹമൂദ്,  ഡോ.കെ വി രമേഷ് കുമാര്‍, പി ആര്‍ ഒ ഡോ.പദ്മരാജ് എന്നിവര്‍  സംസാരിച്ചു .
തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ഡോ.എസ് നന്ദകുമാര്‍, ഡോ.അരുണ്‍ ഗോവിന്ദ് എന്നിവര്‍ വിഷയാവതരണം നടത്തി. ആരോഗ്യവകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഡോക്ടര്‍മാരും ജില്ലാതല ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

കണ്ണൂര്‍ ദസറ ഞായറാഴ്ച തുടങ്ങും
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും, പിആര്‍ഡി, സാംസ്‌കാരിക വകുപ്പ്, കുടുംബശ്രീ, ഫോക് ലോര്‍ അക്കാദമി, ലൈബ്രറി കൗണ്‍സില്‍, സഹകരണവകുപ്പ് എന്നിവരുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ കണ്ണൂര്‍ടൗണ്‍ സ്‌ക്വയറില്‍ നടക്കും. എല്ലാ ദിവസവുംവൈവിധ്യമാര്‍ന്ന പരിപാടികളാണ് കണ്ണൂര്‍ ദസറയുടെ ഭാഗമായി ഒരുക്കിയിട്ടുളളത്.  വിവിധ ദിവസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ കേരളത്തിനകത്തും പുറത്തുമുളള പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കും. എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് പരിപാടികള്‍.  കലാപരിപാടികള്‍ക്ക് പുറമെ കുടുംബശ്രീ ഒരുക്കുന്ന വിപണനമേള, ഫുഡ്‌കോര്‍ട്ട് എന്നിവ ടൗണ്‍ സ്‌ക്വയറില്‍ ഉണ്ടാകും.
പങ്കെടുത്തു.

ലോക ടൂറിസം ദിനം ആചരിച്ചു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പയ്യാമ്പലം, ടൗണ്‍ സ്‌ക്വയര്‍, ധര്‍മ്മടം, തലശ്ശേരി, ജവഹര്‍ഘട്ട് എന്നീ സ്ഥലങ്ങളില്‍ ശുചീകരണ പ്രവൃത്തികളും നടന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി മുരളീധരന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീനിവാസന്‍, മാനേജര്‍ കെ സജീവന്‍, പി ആര്‍ ശരത്കമാര്‍, വിജേഷ്,സജീവന്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, സെന്റ് ജോസഫ് സ്‌കൂള്‍, അഴീക്കോട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളും പങ്കെടുത്തു.  

 

date