Skip to main content

എം.പി ഫണ്ട്: സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഡിസംബറോടെ സജ്ജീകരിക്കാന്‍ നിര്‍ദേശം

എം.പി ഫണ്ടില്‍ നിന്ന് ഇതിനകം അനുമതി ലഭിച്ച ജില്ലയിലെ സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഡിസംബറോടെ സജ്ജീകരിക്കാന്‍ പി.കെ ശ്രീമതി ടീച്ചര്‍ എം.പി കെല്‍ട്രോണിന് നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്കുള്ള കംപ്യൂട്ടറുകളും എത്രയും വേഗം ലഭ്യമാക്കണം. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും എം.പി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എം.പി ഫണ്ട് പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ഇതിനകം അനുതി ലഭിച്ചവയില്‍ ജി.എസ്.ടി ബാധകമാവുന്ന പ്രവൃത്തികളില്‍ കരാര്‍ തുകയെക്കാള്‍ കൂടുന്ന പക്ഷം അധികതുക എം.പി ഫണ്ടില്‍ നിന്ന് അനുവദിക്കും. പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ആംബുലന്‍സ് വാങ്ങുന്ന പദ്ധതി എത്രയും വേഗം ടെണ്ടര്‍ ചെയ്ത് വാഹനം ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് എം.പി നിര്‍ദേശം നല്‍കി. 

കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടും വയറിംഗ് ഉള്‍പ്പെടെ വൈദ്യുതീകരണ പ്രവൃത്തികളില്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ പല പദ്ധതികളും മുടങ്ങിക്കിടക്കുന്നതായി യോഗം വിലയിരുത്തി. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കെട്ടിടനിര്‍മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ വൈദ്യുതീകരണത്തിനാവശ്യമായ തുക കൂടി ഉള്‍പ്പെടുത്തി, കെട്ടിടത്തിന്റെ ഫിനിഷിംഗ് പ്രവൃത്തികള്‍ക്കു മുമ്പേ വയറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തീര്‍ക്കുന്നതിന് സംവിധാനമൊരുക്കണമെന്നും എം.പി നിര്‍ദേശിച്ചു. 

പായം പഞ്ചായത്തിലെ കോളക്കടവ് എസ്.സി കോളനിയില്‍ ചട്ടിക്കറി റോഡിനു കുറുകെ 70 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പൈലിംഗ് പ്രവൃത്തി ഒരു മാസത്തിനകം പൂര്‍ത്തീകരിക്കണമെന്നും എം.പി വ്യക്തമാക്കി. എം.പി.ഫണ്ടില്‍ ഉള്‍പ്പെടുത്തി കോര്‍പറേഷനിലെ വിവിധ പ്രദേശങ്ങളില്‍ അനുവദിച്ച പലപദ്ധതികളും വേണ്ടരീതിയില്‍ മുന്നോട്ടുപോയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് എം.പി പറഞ്ഞു. 

പി.കെ ശ്രീമതി ടീച്ചര്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് 2014-15 വര്‍ഷം അനുമതി ലഭിച്ച 153 പ്രവൃത്തികളില്‍ 4.52 കോടിയുടെ 151 പ്രവൃത്തികള്‍ (85.4%) പൂര്‍ത്തിയായി. 2015-16ലെ 121 പ്രവൃത്തികളില്‍ 3.85 കോടിയുടെ 118 (73.7%) എണ്ണവും 2016-17ലെ 182 പ്രവൃത്തികളില്‍ 1.69 കോടിയുടെ 87 എണ്ണവും (63.4%) പൂര്‍ത്തിയായതായുംയോഗം വിലയിരുത്തി. 2017-18 വര്‍ഷത്തില്‍ ഇതിനകം 1.59 കോടിയുടെ 66 പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്. എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം അത് തയ്യാറാക്കി നല്‍കാന്‍ എം.പി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ പി.വി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പി എന്‍ സി/4175/2017

date