Skip to main content

സര്‍ക്കാര്‍ ആശുപത്രികള്‍ മുഖം മിനുക്കുന്നു; ജില്ലയ്ക്ക് ആര്‍ദ്രം പദ്ധതിയിലൂടെ വന്‍നേട്ടം

 

 

കൊച്ചി: ആരോഗ്യ രംഗത്തെ സമഗ്രമാറ്റങ്ങള്‍ ലക്ഷ്യമിട്ടു കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മുഖം മിനുക്കുന്നു. പദ്ധതി പ്രകാരമുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അതിവേഗമാണു മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ പ്രാഥമിക കേന്ദ്രങ്ങള്‍ മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. 

ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. കോടനാട്, കുട്ടമ്പുഴ, വാഴക്കുളം, ചേരാനെല്ലൂര്‍, പായിപ്ര, മഴുവന്നൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പണി പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. മഞ്ഞപ്ര, നായരമ്പലം, ചൊവ്വര, ചെല്ലാനം, ഗോത്തുരുത്ത്, എരൂര്‍, കരുമാലൂര്‍, തിരുമാറാടി എന്നീ എട്ട്   പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം ഈ മാസം തന്നെ പൂര്‍ത്തിയാകും. തൃക്കാക്കരയിലെ നവീകരണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. 

രോഗികള്‍ക്കു ഗുണമേന്മയും സൗഹാര്‍ദ്ദപരവുമായ സേവനം ഉറപ്പു വരുത്തുക, ജില്ലാ,താലൂക്ക് തലങ്ങളിലെ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുക, നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുക, ഇവിടുത്തെ സേവനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണു പദ്ധതിയുടെ സുപ്രധാന ലക്ഷ്യങ്ങള്‍.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെയും(എന്‍എച്ച്എം) വിവിധ  ഏജന്‍സികളുടെയും പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. 

ഏകദേശം 14  ലക്ഷം രൂപയാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി എന്‍എച്ച്എം വകയിരുത്തിയത്. തുടര്‍ന്നുള്ള ചിലവുകള്‍ അതതു പഞ്ചായത്തുകള്‍ അവയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണു നല്‍കുന്നത്. ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും വികസനത്തിനു ആവശ്യമുള്ള കാര്യങ്ങള്‍ അഞ്ചു പേരടങ്ങുന്ന സംഘം പരിശോധിച്ച ശേഷമാണു ഫണ്ട് വിതരണം ചെയ്തത്.

 

 

 

 

സൗകര്യങ്ങള്‍ ഏറെ 

 

സ്വകാര്യ ആശുപത്രികളില്‍  ലഭ്യമാകുന്ന ആധുനിക നിലവാരത്തിലുള്ള പരിശോധനകള്‍ക്കും വിശ്രമിക്കാനുമുള്ള മുറികള്‍, അത്യാഹിത വിഭാഗം, ഐപി വിഭാഗം, പ്രസവമുറി, ലബോറട്ടറികള്‍ എന്നീ സൗകര്യങ്ങളാണു ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ആശുപത്രികളിലും ലഭിച്ചിരിക്കുന്നത്. ഒപി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കി ഫലവത്തായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്ന തരത്തില്‍ ടോക്കണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാകുമ്പോള്‍ താലൂക്ക്, ജില്ലാതല ആശുപത്രികളിലെ തിരക്കു ഗണ്യമായി കുറയ്ക്കാനാകും. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇ-ഹെല്‍ത്ത് പദ്ധതിക്കും തുടക്കം കുറിക്കും. രോഗിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചു സെര്‍വറുകളില്‍ സൂക്ഷിക്കുന്നതിനാല്‍ തുടര്‍ ചികിത്സ എളുപ്പമാക്കാന്‍ സാധിക്കും. 

ആധാര്‍ കാര്‍ഡുമായി  ചികിത്സയ്‌ക്കെത്തുന്ന രോഗിയുടെയും നടത്തിയ ചികിത്സകളുടെയും വിവരങ്ങള്‍ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ ലഭ്യമാകും. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കു രോഗിയുടെ പുതിയ വിവരങ്ങള്‍ രേഖപെടുത്താനും സാധിക്കും. പ്രാരംഭ തലത്തില്‍ പിഎച്ച് ഫീല്‍ഡ് വര്‍ക്കേഴ്‌സിന്റെ സഹായത്തോടെ വീടുകളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ആശുപത്രികളില്‍ അത്യാസന്ന ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളും നടപ്പിലാക്കുന്നുണ്ട്. നിലവില്‍ അത്യാഹിത നിലയില്‍ എത്തുന്ന രോഗികളെ ഡോക്ടര്‍ എത്തുന്നവരെ ഡ്യൂട്ടി നേഴ്‌സ് പരിശോധിക്കാറില്ല. ഇതു രോഗിയുടെ നില ഗുരുതരമാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനു പരിഹാരമായി ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡ്യൂട്ടി നേഴ്‌സ് പരിശോധന നടത്തി അടിയന്തര സഹായം ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായം ഉടനടി ലഭ്യമാക്കും.

ആര്‍ദ്രം പദ്ധതിയിലൂടെ രോഗീ സൗഹൃദ ആശുപത്രികളാണു കേരള സര്‍ക്കാരും ആരോഗ്യ വകുപ്പും ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു പദ്ധതിയുടെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതിനുശേഷം ജില്ല ആരോഗ്യ രംഗത്തു പ്രത്യേകിച്ചു, പ്രാഥമിക ആരോഗ്യ  ചികിത്സാ രംഗത്തു വലിയ മാറ്റങ്ങള്‍ കൊണ്ടു വരുവാന്‍ സാധിച്ചുവെന്നുള്ളതു നേട്ടമാണ്. 

date