Skip to main content

#ഗാന്ധി സ്മൃതിയിൽ നാട് ഗ്രാമോത്സവമായി ഗാന്ധി ജയന്തി ആഘോഷം

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച തൊണ്ടർനാട് പഞ്ചായത്തിലെ പൊർളോം ഗ്രാമത്തെയാണ് ഈ വർഷം ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. ഗാന്ധി ജയന്തി ദിനത്തെ ഗ്രാമോത്സവമാക്കിയാണ് പൊർളോം ഗ്രാമം എതിരേറ്റത്. പ്രളയത്തിന്റെ ദുരിത ഓർമകളിൽ നിന്നും കരകയറുന്ന ഗ്രാമത്തിന് ഗാന്ധിയൻ ആശയങ്ങളും സാംസ്‌കാരിക കൂട്ടായ്മയും കരുത്തു നൽകുകയായിരുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിജിയുടെ സന്ദേശത്തിനു ശക്തി പകരുകയാണ് ഇത്തരം പരിപാടികളിലൂടെയെന്ന് വിശിഷ്ടാതിഥികളും അഭിപ്രായപ്പെട്ടു.
 
ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് വകുപ്പ് സംഘടിപ്പിക്കുന്നത്. ജില്ലാതല പരിപാടി തൊണ്ടർനാട് പൊർളോം സാംസ്‌കാരിക നിലയത്തിൽ എഡിഎം തങ്കച്ചൻ ആന്റണി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ മൂല്യങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നെന്നും ആ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലാണ് നാടിന്റെ നാളത്തേക്കുള്ള നന്മ അവശേഷിക്കുന്നത്. ഗാന്ധി ജയന്തി വാരാഘോഷത്തിന് ഗ്രാമങ്ങളിൽ നിന്നും തുടക്കമായത് ഏറെ ഉചിതമായെന്നും അദ്ദേഹം പറഞ്ഞു.  

വാർഡ് മെമ്പർ ത്രേസ്യ ടീച്ചർ, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി ശേഖർ എന്നിവരുടെ നേതൃത്വത്തിൽ നെല്ലേരി മന്ദം കോളനി സന്ദർശനത്തോടെയാണ് ജില്ലാതല പരിപാടിക്ക് തുടക്കമായത്. കോളനിയിലെത്തി ലഹരി വിരുദ്ധ സന്ദേശം നൽകുകയും സർക്കാർ പ്രസിദ്ധീകരണമായ ജനപഥം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് രാവിലെ 11ന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെ നെല്ലേരി മന്ദം കോളനിവാസികൾക്കും നാട്ടുകാർക്കുമായി സാംസ്‌കാരിക നിലയത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. മുഹമ്മദ് അസ്ലം നേതൃത്വം നൽകിയ ക്യാമ്പ് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കു ശേഷം നടന്ന ലഹരിവിമുക്ത ബോധവത്ക്കരണ ക്ലാസിൽ മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടർ ജി. പ്രസന്നൻ സംസാരിച്ചു. പൊർളോം സാംസ്‌കാരിക നിലയത്തിനായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് നൽകിയ ഗാന്ധി ചിത്രം തൊണ്ടർനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം ശങ്കരൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. പനമരം അജികുമാർ, ഷിബു പുൽപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നാടൻപാട്ടും മജിഷ്യൻ വിവേക് വെള്ളമുണ്ടയുടെ മാജിക്ക് ഷോയും ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ചടങ്ങിൽ ആദിവാസി സാക്ഷരത മിഷൻ നാലാംതരം തുല്യത വിജയികളായ എലുമ്പൻ, ചീര, ശാന്ത, സരോജിനി എന്നിവരെ ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ രാവിലെ തന്നെ സാംസ്‌കാരിക നിലയ പരിസരവും ശുചീകരിച്ചു.      

ട്രൈബൽ എക്സ്റ്റഷൻ ഓഫീസർ എം.ജി അനിൽകുമാർ, സാക്ഷരത മിഷൻ കോർഡിനേറ്റർ ബൈജു ഐസക്, സാക്ഷരത മിഷൻ നോഡൽ പ്രേരക് എ. മുരളീധരൻ, സാക്ഷരത മിഷൻ പ്രേരക് ഷാജുമോൻ, സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ചന്ദ്രശേഖരൻ, പൊർളോം നീർത്തട വികസന സമിതി കൺവീനർ വി.ടി അനിൽകുമാർ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.എ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.കെ സുരേഷ്, എ.സി പ്രജീഷ്, പി.വി ശ്രീജേഷ് തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വകുപ്പ്, സാക്ഷരത മിഷൻ, എക്‌സൈസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

date