Skip to main content

വിദ്യാര്‍ഥികള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം:  കെവി സുമേഷ് കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പൈലറ്റ് പദ്ധതിക്ക് തുടക്കമായി

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ സജീവമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ശുചിത്വമിഷന്‍ നടപ്പാക്കുന്ന കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരളശ്ശേരി എകെജി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു.
മാസത്തില്‍ രണ്ട് തവണ വിദ്യാര്‍ഥികള്‍ അഞ്ച്തരം പാഴ്‌വസ്തുക്കള്‍ കൊണ്ടുവരികയും അവ തരംതിരിച്ച് മിനി എംസിഎഫില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. പ്ലാസ്റ്റിക് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍, പാല്‍ കവര്‍, പ്ലാസ്റ്റിക് പേന, കടലാസ് എന്നിവയാണ് വിദ്യാര്‍ഥികള്‍ തരംതിരിച്ച് കൊണ്ടുവരിക. എംസിഎഫില്‍ നിറയുന്ന വസ്തുക്കള്‍ പാഴ്‌വസ്തു വ്യാപാരികള്‍, ഹരിത കര്‍മ്മസേന എന്നിവര്‍ മുഖേന നീക്കം ചെയ്യും. ജില്ലയില്‍ മൂന്ന് സ്‌കൂളുകളിലാണ് പൈലറ്റ് പദ്ധതി ഈ ആഴ്ച തുടങ്ങുന്നത്. ആയിത്തറ മമ്പറം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അരോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് മറ്റ് രണ്ട് സ്‌കൂളുകള്‍. ഹരിത കേരളം മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ മിനി എംസിഎഫ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ പുതുമ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഹര്‍ഷാദിന് ചടങ്ങില്‍ ഉപഹാരം നല്‍കി. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംസി മോഹനന്‍, ഹെഡ്മാസ്റ്റര്‍ എം കെ പ്രദീപന്‍, പി പി സനകന്‍, അജികുമാര്‍, എം ശ്രീജന്‍, വിപിന്‍ ചന്ദ്രന്‍, എം എസ് സുജ തുടങ്ങിയവര്‍ സംസാരിച്ചു.

date