ജില്ലാ വികസന സെമിനാര്‍ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരത്തിന് വിദഗ്ധ സമിതി
കണ്ണൂര്‍ ജില്ലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള അടിയന്തര പരിഹാര നിര്‍ദേശങ്ങള്‍ക്കായി വിദഗ്ധ ഉപസമിതിയെ നിയോഗിക്കാന്‍ ജില്ലാ പദ്ധതി കരട് രേഖയില്‍ നിര്‍ദേശം. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാറിന്റെ ഗ്രൂപ്പ്ചര്‍ച്ചയിലാണ് നിര്‍ദേശം ഉയര്‍ന്നത്.
ജില്ലയിലെ ദേശീപാതകളടക്കമുള്ള പ്രധാന റോഡുകളില്‍ ഓരോ പതിനഞ്ച് കിേലാമീറ്ററിലും വഴിയോര വിശ്രമ കേന്ദ്രം ഒരുക്കാനും നിര്‍ദേശമുണ്ട്. സ്ത്രീകള്‍ക്ക് മലയൂട്ടുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യവും ഇവിടെ ഉറപ്പാക്കും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമസൗകര്യവും മറ്റ് ആധുനിക സൗകര്യങ്ങളുമടങ്ങിയതായിരിക്കും ഈ കേന്ദ്രങ്ങള്‍. ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്തസംരംഭമായിട്ടാണ് വഴിയോര വിശ്രമ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. കോഫി ഷോപ്പ്, വൈഫൈ സൗകര്യം എന്നിവയും ഇവിടങ്ങളില്‍ ലഭ്യമാക്കും.
പ്രധാന പട്ടണങ്ങളിലെയും സ്ഥലങ്ങളിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുള്ള വിദഗ്ധസമിതിയില്‍ പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം, ആര്‍ടിഎ, പൊലീസ് എന്നീ വിഭാഗം ഉദ്യോഗസ്ഥരായിരിക്കും ഉണ്ടാവുക. തളിപ്പറമ്പ് മാതൃകയില്‍ അടിയന്തരമായി ചെയ്യാവുന്ന കാര്യങ്ങളാണ് ഈ സമിതി പരിഗണിക്കുക. ഒരാഴ്ചക്കകം സമിതി ഗതാഗത പരിഷ്‌ക്കരണത്തിനുള്ള പ്രാഥമിക നിര്‍ദേശം സമര്‍പ്പിക്കും. ഇതിനായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കാലപ്പഴക്കം കാരണം ജീര്‍ണിച്ച് വാസയോഗ്യമല്ലാതായ വീടുകള്‍ പൊളിച്ച് പുതുക്കിപ്പണിയാന്‍ പ്രത്യേക ഭവന പദ്ധതി രൂപീകരിക്കണമെന്ന് സാമൂഹ്യക്ഷേമം, പാര്‍പ്പിടം സംബന്ധിച്ച ഉപസമിതി നിര്‍ദേശിച്ചു. രാജീവ് ഗാന്ധി ഭവന പദ്ധതി പോലുള്ള പദ്ധതികളില്‍ നിര്‍മിച്ച വീടുകള്‍ പൊളിച്ച്‌നീക്കി അവിടെ ഫ്‌ളാറ്റ് പണിത് നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് നല്‍കാനുളള പദ്ധതിക്കും നിര്‍ദേശമുണ്ട്. സഹകരണ ബാങ്കുകളിലുള്ള മിച്ച നിക്ഷേപം തദ്ദേശസ്ഥാപനങ്ങള്‍ വഴി വികസന പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് നിയമനിര്‍മാണം നടത്തണമെന്നതാണ് ഈ രംഗത്തുള്ള പ്രധാന നിര്‍ദേശങ്ങളിലൊന്ന്.
വ്യവസായ രംഗത്ത് ടെക്‌നോളജി അധിഷ്ഠിത ഇന്‍കുബേറ്റര്‍ സെന്റര്‍, എയിംസ് മാതൃകയില്‍ വിദഗ്ധ ആരോഗ്യ പഠന സ്ഥാപനം, ബ്ലോക്ക് അടിസ്ഥാനത്തില്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ സേന, എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക പരിശീലനം ഉറപ്പാക്കാന്‍ ബ്ലോക്കുകളില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭവനാടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരുടെ സേവനം ഉറപ്പാക്കാനുളള്ള പദ്ധതി, സൗജന്യ തെറാപ്പി സെന്ററുകള്‍, അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് കര്‍ഷക ഗ്രൂപ്പുകളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ഷോപ്പിങ്ങ് മാള്‍ തുടങ്ങിയ നിര്‍ദേശങ്ങളും വിവിധ ഉപസമിതികളുടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കരട് പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട 15 ഉപസമിതികളാണ് വികസന സെമിനാറില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചത്. ജില്ലയിലെ ഉല്‍പ്പാദനമേഖലയുടെ വികസനത്തിന് ആഴ്ചച്ചന്തകളെയും എക്കോഷോപ്പുകളെയും ബന്ധിപ്പിച്ച് ചന്തകളില്‍ ബാക്കിവരുന്ന സാധനങ്ങള്‍ എക്കോഷോപ്പുകള്‍ വഴി വതരണം ചെയ്യുന്നതിന് സംവിധാനമൊരുക്കുക, സംഘമൈത്രിയെ എക്കോഷോപ്പുകളുടെ കേന്ദ്ര ബിന്ദുവാക്കി മാറ്റി ഉല്‍പ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുക, തുടങ്ങിയ നൂതന നിര്‍ദേശങ്ങള്‍ കരട് പദ്ധതി രേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്. മല്‍സ്യഗ്രാമങ്ങളില്‍ മറൈന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അക്വേറിയം, മറൈന്‍ മ്യൂസിയം തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ആധുനിക ലബോറട്ടറി സ്ഥാപിക്കുക, മല്‍സ്യഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രീകൃത മാര്‍ക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ഈ മേഖലയിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ആയുര്‍വേദമേഖലയുടെ വികസനത്തിന് ജില്ലാതലത്തില്‍ ഔഷധത്തോട്ടം നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തുക, ആയുര്‍വേദ ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിന് സമീപത്ത് ആയുര്‍വേദ ഗ്രാമം ഒരുക്കുക, തൃശൂര്‍ മാതൃകയില്‍ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി തുടങ്ങുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
നഗരസഭാ-ബ്ലോക്ക് പരിധികളില്‍ ഗ്യാസ് ക്രിമറ്റോറിയം, ജില്ലയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, താലൂക്ക് തലത്തില്‍ ശാസ്ത്രീയ അറവ് ശാലകള്‍, ആശുപത്രികളില്‍ ബയോമെഡിക്കല്‍ വെയ്സ്റ്റ് ട്രീറ്റ്‌മെന്റ് സംവിധാനം തുടങ്ങിയ നിര്‍ദേശങ്ങളും കരട് പദ്ധതിയിലുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രപുരോഗതിക്കുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പദ്ധതികളും രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Log in to post comments