Skip to main content

മതേതരത്വ സന്ദേശം പാട്ടിലൂടെ പകർന്ന് മന്ത്രി

*'മതേതരത്വം: സങ്കൽപവും യാഥാർഥ്യവും' സെമിനാർ സംഘടിപ്പിച്ചു
മതേതരത്വത്തിന്റെ സന്ദേശം പാട്ടിലൂടെ വിദ്യാർഥികളെ ഉത്ബോധിപ്പിച്ച് തുറമുഖ-പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ: വനിതാ കോളേജിൽ 'മതേതരത്വം: സങ്കൽപവും യാഥാർഥ്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് സെമിനാറിന്റെ സന്ദേശം ഗാനത്തിലൂടെ പ്രകടിപ്പിച്ച് വിദ്യാർഥികളെ അദ്ദേഹം കൈയിലെടുത്തത്. കൈയടികളോടെ കുട്ടികൾ ഗാനം ഏറ്റെടുത്തശേഷമാണ് അദ്ദേഹം വിശദമായ പ്രഭാഷണത്തിലേക്ക് കടന്നത്.
'കുറി വരച്ചാലും, കുരിശു വരച്ചാലും കുമ്പിട്ടുനിസ്‌കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്' എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം പാടിയത്. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണം ഗാന്ധിയൻ ദർശനങ്ങൾ വിസ്മരിച്ച് സഞ്ചരിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം ഗാന്ധിയിലേക്ക് കടന്നുവരികയാണ്. ഐക്യരാഷ്ടസഭ ഉൾപ്പെടെ ഗാന്ധിജിയുടെ 150ാം ജൻമദിനം ആഘോഷിക്കുകയാണ്. അഹിംസാദിനമായി ആചരിക്കാൻ അവർ തിരഞ്ഞെടുത്തതും ഗാന്ധിയുടെ ജൻമദിനമാണ്. ചരിത്രം ആർക്കും മാറ്റാൻ സാധ്യമല്ല. അതിനുശ്രമിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന വിദ്യാർഥികൾ ഗാന്ധിജിയുടെ ആശയങ്ങളാണ് നെഞ്ചിലേറ്റേണ്ടത്. സ്വാതന്ത്ര്യത്തിനും വൈവിധ്യങ്ങൾക്കും നിബന്ധനകൾ വരുന്ന കാലം ചിന്തിക്കാനാവില്ല. മതേതരത്വം അക്ഷരാർഥത്തിൽ പ്രാവർത്തികമാകാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗവ: വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ. ജി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, പ്രമുഖ ഗാന്ധിയനും ഗ്രന്ഥകർത്താവുമായ ശശിധരൻ കാട്ടായിക്കോണം എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് കോളേജിൽ ചരിത്രവിഭാഗം വിദ്യാർഥിനികളായ അമൃത, ആഷിയ, ശ്രീജി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീ: ഡയറക്ടർ കെ. സന്തോഷ് കുമാർ സ്വാഗതവും ഗവ: വനിതാ കോളേജ് അസി: പ്രൊഫസർ വിനോദ് കെ. ജോസഫ് നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം കോളേജിലെ വിദ്യാർത്ഥിനികൾക്കായി ശുചിത്വ ബോധവൽകരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം എങ്ങനെ കുറയ്ക്കണമെന്നതിനെക്കുറിച്ച് ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഷീബ പ്യാരേലാൽ ക്ലാസെടുത്തു. പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ എന്നിവയുടെ ദൂഷ്യവശങ്ങളും തുണിസഞ്ചി ജീവിതത്തിന്റെ ഭാഗമാക്കി ഹരിതചട്ടം പാലിക്കേണ്ട ആവശ്യത്തെക്കുറിച്ചും ബോധവൽകരണം നൽകി.
പ്ലാസ്റ്റിക്കിന്റെ സ്വഭാവമനുസരിച്ച് അവയെ വേർതിരിക്കുന്നത് സംബന്ധിച്ച് ശുചിത്വമിഷൻ കൺസൾട്ടന്റ് സി. കെ. ബാബു ക്ലാസെടുത്തു. നിത്യോപയോഗ സാധനങ്ങളിലെ വിവിധ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും അവയുണ്ടാക്കുന്ന ദോഷങ്ങളും അവതരിപ്പിച്ചു.
മാലിന്യം തരംതിരിക്കാൻ അദ്ദേഹം പരിശീലനവും നൽകി. പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ക്യാമ്പസിനുള്ളിലെ മാലിന്യങ്ങൾ കുട്ടികൾ വേർതിരിച്ചു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഇൻഫർമേഷൻ ഓഫീസർ കിരൺ റാം നന്ദി പറഞ്ഞു.
പി.എൻ.എക്‌സ്.3560/19

date