Skip to main content

ഭിന്നശേഷി സഹായ ഉപകരണ പ്രദർശനം: കൗതുകമുണർത്തി തട്ടുകടയും വെർച്വൽ റിയാലിറ്റിയും

എൻഐപിഎംആർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശക്തൻ നഗറിൽ നടക്കുന്ന അവസരങ്ങളുടെ ആഘോഷം ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശന വേദിയിൽ കൗതുകമായി സ്‌റ്റൈലൻ തട്ടുകടയും വെർച്വൽ റിയാലിറ്റി ഗെയിംസും. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ സഹായ ഉപകരണങ്ങളുടെ രണ്ടു സ്റ്റാളുകളാണ് അവതരണത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമാകുന്നത്. ചെലവ് കുറഞ്ഞതും വിവിധ തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഉപകാരപ്പെടുന്നതുമായ ഉപകരണങ്ങളാണ് തട്ടുകടയിൽ ഒരുക്കിയിട്ടുള്ളത്. ലളിതമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന സഹായ ഉപകരണങ്ങളാണ് ഇവയെല്ലാം എന്നതാണ് തട്ടുകട സ്റ്റാളിനെ പ്രത്യേക. കൈയുടെ ചലനങ്ങൾക്ക് ആയാസം കുറവുള്ളവർക്കു സഹായകരമാകുന്ന ഉപകരണങ്ങൾ തട്ടുകടയിൽ ഉണ്ട്. എഴുതാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കുന്നതിനും ഫോൺ, ടാബ് തുടങ്ങിയവയും മറ്റും ഉപയോഗിക്കുന്നതിനു സഹായകരായ സംവിധാനങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു. ഓരോരുത്തരുടേയും പരിമിതിക്ക് അനുസരിച്ചു ഉപയോഗിക്കാൻ കഴിയുന്ന പന്ത്രണ്ടിൽ പരം സഹായ ഉപകരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. കമ്യൂണിക്കേഷൻ ബോർഡ്, ബ്രഡ് ഹോൾഡർ, സ്‌ക്രീൻ പോയിന്റർ, നമ്പറുകളും മറ്റും മനസിലാക്കുന്ന സൈൻ ബോർഡ്, അഡാപ്റ്റീവ് സ്പൂൺസ് തുടങ്ങിയവ അതിൽ ചിലത് മാത്രം. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പുതിയ മാനങ്ങൾ കണ്ടെത്തുകയാണ് എൻ ഐ പി എം ആറിന്റെ വെർച്വൽ റിയാലിറ്റി പരിചയപ്പെടുത്തുന്ന സ്റ്റാൾ. കണ്മുന്നിൽ ഇല്ലാത്ത കാര്യങ്ങളെ പ്രൊജക്റ്റ് സ്‌ക്രീനിന്റെ സഹായത്തോടെ മുന്നിൽ കൊണ്ട് വന്ന് പരിചയപ്പെടുത്തുന്ന ഒന്നാണ് വെർച്വൽ റിയാലിറ്റി ഗെയിംസ്. ഇമേഷ്‌സീവ്, ഒ ടി കെയർ, കിനറ്റ് എന്നീ സോഫ്റ്റ് വെ യറുകളുടെ സഹായത്തോടെയാണ് വെർച്വൽ റിയാലിറ്റി സംവിധാനം പ്രവർത്തിക്കുക. വൈകല്യമുള്ള കുട്ടികളിൽ ശ്രദ്ധ, ഏകോപനം, മോട്ടോ സ്‌കിൽസ് തുടങ്ങിയവ പരിശീലിപ്പിക്കുന്നതിനു ഇതിലൂടെ കഴിയുന്നു. ഭിന്നശേഷിക്കാരെ പരിമിതികളുടെ ലോകത്തുനിന്നും പുതിയയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ പ്രദർശന വേദിയിൽ ശ്രദ്ധേയമാവുകയാണ് തട്ടുകടയും വെർച്ച്വൽ റിയാലിറ്റി സ്റ്റാളും.

date