Skip to main content

ലൈഫ് മൂന്നാംഘട്ടം: രേഖാ പരിശോധന ഒക്ടോബര്‍ 15 വരെ

 

 

ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടവരുടെ രേഖപരിശോധന പൂര്‍ത്തിയാക്കി ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസാന തിയതി ഒക്ടോബര്‍ 15 വരെ നീട്ടിയതായി ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമി ഇല്ല എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം പരിശോധന ഉദ്യോഗസ്ഥന് മുന്‍പാകെ എത്തിച്ചേരണം. പരിശോധനയില്‍ അര്‍ഹരെന്ന് കണ്ടെത്തുന്നവരില്‍ നിലവില്‍ ഭൂമി ലഭ്യമായവരെ ഭവനരഹിതരുടെ പട്ടികയിലേക്ക് മാറ്റി ധനസഹായം അനുവദിക്കും.

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഗുണഭോക്താക്കള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിച്ച് നല്‍കുന്നതാണ് ലൈഫ് മൂന്നാംഘട്ടം. ജില്ലയില്‍ പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിന് അനുയോജ്യമായ ഭൂമി ഒരു മാസത്തിനകം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യും.

ജില്ലയില്‍ ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ 12004 ഗുണഭോക്താക്കള്‍ എഗ്രിമെന്റ് ചെയ്ത് ഭവനനിര്‍മാണം ആരംഭിച്ചു. 13334 ഗുണഭോക്താക്കളാണ് രണ്ടാംഘട്ടത്തിന് അര്‍ഹരായിട്ടുള്ളത്. എഗ്രിമെന്റ് വയ്ക്കാന്‍ തടസം നേരിടുന്നവരുടെ പട്ടിക തയ്യാറാക്കി പരിഹാരം കണ്ടെത്താന്‍ ജില്ലാ മിഷന്‍ നപടി ആരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 92 ശതമാനം വീടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.

date