Skip to main content

എംപി ഫണ്ട്: 87.31 ശതമാനം  വിനിയോഗിച്ചു

കാസര്‍കോട് എംപി പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടില്‍ കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 87.31 ശതമാനം തുക വിനിയോഗിച്ചു. പി കുരണാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കലകട്‌റുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്. 2016-17 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍  ജില്ലയ്ക്ക് 515.586 ലക്ഷം രൂപയാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇതില്‍ ഇതുവരെ 450.15 ലക്ഷം രൂപ വിനിയോഗിച്ചു. 2014-15 ലെയും 15-16 ലെയും രണ്ട് പ്രവൃത്തികള്‍ വീതം ഇനി പൂര്‍ത്തിയാകാനുണ്ട്. ഇൗ പ്രവൃത്തികള്‍ പുരോഗമിച്ച് വരികയാണ്. 16-17 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 35ല്‍ 18 പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയാക്കാനായി. ബാക്കി 17 പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുന്നു.

നീതി ആയോഗ് നിലവില്‍ വന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സൊസൈറ്റികള്‍ക്കും ട്രസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കാലതാമസമുണ്ടാക്കാന്‍ കാരണമാകുന്നതായി പി കരുണാകരന്‍ എംപി പറഞ്ഞു.

വായനശാലകള്‍, എയ്ഡഡ് സ്‌കൂള്‍ എന്നിവക്ക് അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിലാണ് ഈ നിബന്ധനകള്‍ പ്രയാസമുണ്ടാക്കുന്നത്. ദര്‍പ്പണ്‍ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വിവരങ്ങള്‍, പാന്‍കാര്‍ഡ് വിശദാംശം തുടങ്ങിയവയാണ് നല്‍കേണ്ടത്. ഇക്കാരണത്താല്‍ പല സ്ഥാപനങ്ങളും അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഇത് പാലിക്കാത്ത വായനശാലകള്‍, എയിഡഡ് സ്‌കൂളുകള്‍ എന്നിവക്ക് അവര്‍ക്ക് അനുവദിച്ച പ്രവൃത്തികള്‍ നടത്തുന്നത് സംബന്ധിച്ച് കത്തെഴുതാന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശിച്ചു. നവംബര്‍ 15നകം കൃത്യമായ മറുപടി നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് റദ്ദാക്കി ഈ തുക പുതിയ പദ്ധതികള്‍ക്കായി മാറ്റി നല്‍കാനും യോഗത്തില്‍ ധാരണയായി.

ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പ്ലാനിങ്ങ്് ഓഫീസര്‍ കെ പ്രകാശന്‍, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പി എന്‍ സി/4179/2017

date