Skip to main content

മാലിന്യം പുഴയിലൊഴുക്കി; അനധികൃത അറവു ശാല അടച്ചുപൂട്ടി

കരുവഞ്ചാല്‍ ടൗണില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സംവിധാനമൊരുക്കാതെ പ്രവര്‍ത്തിച്ചുവരികയായിരുന്ന അനധികൃത അറവു ശാലയും മാംസ വില്‍പ്പന കേന്ദ്രവും നടുവില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു. ഇവിടെ നിന്നുള്ള അറവു മാലിന്യങ്ങളും മറ്റും അടുത്തുള്ള പുഴയിലേക്ക് ഒഴുക്കി വിടുന്നതായി നേരത്തേ പരാതികള്‍ ലഭിച്ചിരുന്നു. ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്ത് അധികൃതരും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സ്ഥാപന അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സ്ഥാപനത്തിന് ലൈസന്‍സ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. സ്ഥാപനം അടച്ചു പൂട്ടാന്‍ ഗ്രാമ പഞ്ചായത്ത ഭരണ സമിതി തീരുമാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അന്തിമ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രവര്‍ത്തനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പരിസര വാസികളില്‍ നിന്നും വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ദിനേശന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ പി നിസാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാംസ വില്‍പ്പന കേന്ദ്രം അടച്ചു പൂട്ടി സീല്‍ ചെയ്തത്. ആലക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സന്നിഹിതരായിരുന്നു.

date