Skip to main content

ഓമാനൂര്‍ സി.എച്ച്.സി യില്‍ സായാഹ്ന ഒ.പി ആരംഭിക്കും

ഓമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി ആരംഭിക്കാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് ഒക്ടോബര്‍ 21 മുതല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി പ്രവര്‍ത്തിക്കും. രണ്ടു മണി മുതല്‍ ആറ് മണി വരെയാണ് ഡോക്ടറുടെ പരിശോധന നടക്കുക. ഇതിന് ആവശ്യമായി വരുന്ന ഫാര്‍മസിസ്റ്റിനെ നിയമിക്കും.
തുടര്‍ന്നുള്ള ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്ര രൂപം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി  ചെയര്‍പേഴ്സണും ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് ജനറല്‍ കണ്‍വീനറുമായി ഉപസമിതിക്ക് രൂപം നല്‍കി. നാഷനല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ വിവിധ വകുപ്പുകളിലെ എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉടനെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ആശുപത്രിയുടെ മുന്‍ വശത്ത് സ്ഥിതിചെയ്യുന്ന കാലപ്പഴക്കം ചെന്ന ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു മാറ്റാനും പകരം ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ച് ആശുപത്രിയുടെ മുകള്‍ ഭാഗത്ത് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാനും തീരുമാനമായി.
ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാറിതര ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ:പി വി.മനാഫ് ചെയര്‍മാനും പി കെ എ സിദ്ദീഖ് കണ്‍വീനറും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അംഗങ്ങളുമായ മറ്റൊരു കമ്മിറ്റിക്കും യോഗം രൂപം നല്‍കി.
ആലോചനാ യോഗം ടി.വി ഇബ്രാഹിം എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി അധ്യക്ഷത വഹിച്ചു. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ശരീഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എളങ്കയില്‍ മുംതാസ്, സ്ഥിര സമിതി ചെയര്‍മാന്‍ ഷാഹുല്‍ഹമീദ് പൊന്നാടന്‍, മംഗലശ്ശേരി മുഹമ്മദാലി ഹാജി, അംഗങ്ങളായ സമദ് പൊന്നാട്, അസ്ലം മാസ്റ്റര്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബൈജു, പി.ആര്‍.ഒ അബ്ദുല്‍ അസീസ്, വിവിധ സംഘടന പ്രതിനിധികളായ ശ്രീധരന്‍ പൂളക്കാട്, എ.ഷൗക്കത്തലി ഹാജി, കെ സി ഗഫൂര്‍ ഹാജി, കെ സി മൊയ്തീന്‍ കുട്ടി, റിയാസ് ഓമാനൂര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍,സി.ടി. വീരാന്‍കുട്ടി, പികെ സിദ്ദീഖ്, പി അപ്പു, കെ.ശിഹാബ് എന്നിവര്‍ സംസാരിച്ചു.
 

date