Skip to main content
Roshni Project

ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ റോഷ്‌നി പദ്ധതി വഴിയൊരുക്കും: മന്ത്രി സി. രവീന്ദ്രനാഥ്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ കേരളീയ സമൂഹത്തിന്റെ ഭാഗമാക്കാന്‍ പര്യാപ്തമായ ഉത്തമപദ്ധതിയാണ് എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച റോഷ്‌നിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പ്രദേശത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി ജില്ലയില്‍ നടപ്പാക്കുന്ന റോഷ്‌നി പദ്ധതി സംസ്ഥാനത്തിനൊട്ടാകെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പാവൂരില്‍ കണ്ടന്തറ ഗവ. യു.പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സമഗ്രവും സാര്‍വത്രികവുമായ വിദ്യാഭ്യാസ പുരോഗതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ റോഷ്‌നി പോലുള്ള പരിശ്രമങ്ങള്‍ ഏറെ സഹായകരമാകും. സമൂഹത്തിന്റെ ഹൃദയത്തോട് സംസാരിക്കാന്‍ ഇതര സംസ്ഥാനക്കാരായ കുട്ടികളെ പ്രാപ്തരാക്കുന്ന ഭാവനാപൂര്‍ണമായ പദ്ധതിയാണിത്. തൊഴില്‍ തേടി കേരളത്തിലെത്തിയ വലിയൊരു വിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കണമെങ്കില്‍ ഇത്തരം പരിശ്രമങ്ങള്‍ അനിവാര്യാമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സര്‍വശിക്ഷ അഭിയാന്‍ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടിക്കൃഷ്ണന്‍, കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുംതാസ്, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു, ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, പി.എം. സലിം, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ്, സജോയ് ജോര്‍ജ്, റോഷ്‌നി പദ്ധതിയുടെ കോ ഓഡിനേറ്റര്‍ സി.കെ. പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന്, എസ്.എസ്.എ യുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് റോഷ്‌നി പദ്ധതി നടപ്പാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ്‌പോക്ക് തടയുകയും ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പാഠ്യ-പാഠേ്യതര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

ബംഗാളി, ഒറിയ, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുവാനറിയാവുന്ന സന്നദ്ധസേവകരെ കണ്ടെത്തി ഇവരുടെ സഹായത്തോടെ ഫലപ്രദമായി കുട്ടികള്‍ക്ക് കോഡ് സ്വിച്ചിങ് സമ്പ്രദായത്തിലൂടെ മലയാള ഭാഷയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുക; സാധാരണ സ്‌കൂള്‍ പഠന സമയത്തിന് പുറമെ രാവിലെ ഒരു മണിക്കൂറെങ്കിലും കുട്ടികള്‍ക്ക് താല്പര്യമുളള മാധ്യമങ്ങളിലൂടെ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക; ലഘു പ്രഭാത ഭക്ഷണം നല്‍കുക; സമഗ്രമായ ബൗദ്ധിക ഉന്നമനത്തിനുതകുന്ന വര്‍ക്ക്‌ഷോപ്പുകള്‍, പഠനാനുഭവ യാത്രകള്‍ എന്നിവ സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പരിപാടികള്‍.

കണ്ടന്തറ ഗവ. യു.പി സ്‌കൂള്‍ അടക്കം ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന നാല് സ്‌കൂളുകളില്‍ ഈ മാസം പകുതിയോടെ പദ്ധതി ആരംഭിക്കും. യൂണിയന്‍ എല്‍.പി സ്‌കൂള്‍ തൃക്കണാര്‍വട്ടം, ഗവ: എല്‍.പി സ്‌കൂള്‍ പൊന്നുരുന്നി, ഗവ: ഹൈസ്‌കൂള്‍ ബിനാനിപുരം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്‌കൂളുകള്‍.  അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്ധതി ഇതരസംസ്ഥാന തൊഴിലാളികള്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും \ടപ്പാക്കും. പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്‍ ആണ്.

date