Skip to main content
Arogya Jagratha

ആരോഗ്യസംരക്ഷണത്തിന് ആവാസവ്യവസ്ഥയുടെയും ശരീരത്തിന്റെയും സന്തുലനം അനിവാര്യം: മന്ത്രി സി. രവീന്ദ്രനാഥ്

കൊച്ചി: ശരീരത്തിന്റെയും ആവാസ വ്യവസ്ഥയുടെയും സന്തുലനം കൈവരിച്ച് ആരോഗ്യ സംരക്ഷണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ജാഗ്രത പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു. മഴക്കാലത്ത് മാത്രമല്ല പ്രകൃതിയുടെ സന്തുലനം തെറ്റുമ്പോഴെല്ലാം ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പകര്‍ച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്ര സാങ്കേതിക മേഖലയിലെ മുന്നേറ്റത്തിനൊപ്പം ചികിത്സാരംഗം കൈവരിച്ചിരിക്കുന്ന പുരോഗതി പൊതുമേഖലയിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചികിത്സാ സൗകര്യങ്ങളുടെ നവീകരണം, മികച്ച രോഗ പ്രതിരോധം, സാന്ത്വന ചികിത്സ ഇവയെല്ലാം ആര്‍ദ്രം പദ്ധതിയുടെ ഭാഗമാണ്. ഇതില്‍ രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ആരോഗ്യജാഗ്രതയുടെ ലക്ഷ്യം - മന്ത്രി ചൂണ്ടിക്കാട്ടി.

ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥതയാണ് ആരോഗ്യം എന്ന കാഴ്ച്ചപ്പാടിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജീവിതചര്യകളുടെ ക്രമപ്പെടുത്തല്‍, ശുദ്ധമായ ജലത്തിന്റെ ലഭ്യത ഇവയെല്ലാം ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ല കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍, ഡോ. മാത്യൂസ് നമ്പേലി, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ബാബു, സി.കെ. മുംതാസ്, പി.എം. സലിം , സുജിത് തരുണ്‍,  ഡോ. എസ്. ശ്രീദേവി, പഞ്ചായത്ത് പ്രസി ഡന്റുമാരായ സൗമിനി ബാബു, എന്‍ എം സലിം , ധന്യ ലൈജു , വിജി സണ്ണി, ഷൈനി വര്‍ഗീസ്, കുഞ്ഞുമോള്‍ തങ്കപ്പന്‍, എം എ ഷാജി, മേഴ്‌സി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആരോഗ്യജാഗ്രതയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവിഷ്‌കരിച്ച നേരെ ചൊവ്വെയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ നിര്‍വഹിച്ചു. രസകരമായ മാര്‍ഗങ്ങളിലൂടെ രോഗപ്രതിരോധത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. വീടുകളിലും സ്ഥാപനങ്ങളിലും കൈക്കൊള്ളേണ്ട മുന്‍കരുതലിനെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രായോഗിക പരിശീലനം നല്‍കും. സ്‌കൂളുകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയാണ് മുഖ്യലക്ഷ്യം.

സ്വകാര്യ ആശുപത്രികളില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സംഘം സന്ദര്‍ശിച്ച് വിവിധ വിഭാഗം ജീവനക്കാര്‍ക്ക് അതാത് മേഖലയില്‍ ശ്രദ്ധിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ ചികിത്സ പ്രോട്ടോകോളുകള്‍ പരിചയപ്പെടുത്തുകയും, പകര്‍ച്ചവ്യാധികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും, നിയന്ത്രണ വിധേയമാക്കുന്നതിലും സ്വകാര്യ ആശുപത്രികള്‍ക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്യും. മറ്റുള്ള ജീവനക്കാര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.

date