Skip to main content

കർഷകന്റെ അറിവുകൾ പ്രയോജനപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാർഷിക മേഖലയിൽ ദേശീയ-സംസ്ഥാന അവാർഡുകൾക്ക് അർഹനായ കർഷകന്റെ നാട്ടറിവുകളും കണ്ടെത്തലുകളും കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ബ്ലോക്ക് തല പരിശീലന പരിപാടികളിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കാർഷിക വികസന- കർഷക ക്ഷേമ ഡയറക്ടർക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. തൃശൂർ മരത്തംകോട് സ്വദേശി പോൾസന്റെ കാർഷിക അറിവുകൾ പ്രയോജനപ്പെടുത്തണമെന്നാണ് ഉത്തരവ്. പോൾസൻ 26 പുസ്തകങ്ങൾ കൃഷി സംബന്ധമായി രചിച്ചിട്ടുണ്ട്. കമ്മീഷൻ കാർഷിക വികസന ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ കാർഷിക അറിവുകൾ കർഷകർക്ക് പ്രയോജനപ്പെടുത്താൻ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
ലോക ആർത്രൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒക്‌ടോബർ 12 രാവിലെ ഒൻപത് മുതൽ രണ്ടു വരെ അസ്ഥി-സന്ധി രോഗങ്ങൾക്കുളള സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുളാരുണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം ജി ശ്യാമള അദ്ധ്യക്ഷത വഹിക്കും. ഡോ. മേരി സെബാസ്റ്റ്യൻ, ഡോ. എസ് ആർ അരുൺ, ഡോ. എൻ വി ശ്രീവത്സ്, ഡോ. പി ഗോപീദാസ്, ഡോ. പി കെ നേത്രദാസ് തുടങ്ങിയവർ പങ്കെടുക്കും. രജിസ്‌ട്രേഷൻ രാവിലെ എട്ടിന് ആരംഭിക്കും. ഫോൺ: 0487-2334313.

date