Skip to main content

ജില്ലയിലെ വഖഫ് വക ഭൂമികളുടെ റിക്കാര്‍ഡ് തയ്യാറാക്കും :    പദ്ധതിക്കായി 34 വില്ലേജുകളില്‍ ഉടന്‍ സര്‍വേ 

വഖഫ് ഭൂമികള്‍ സര്‍വേ ചെയ്ത് റിക്കാര്‍ഡ് തയ്യാറാക്കുന്നതിനായി ജില്ലയിലെ നാല് താലൂക്കുകളിലെ 34 വില്ലേജുകളില്‍ ഉടന്‍ സര്‍വേ ആരംഭിക്കുമെന്ന് അസി. ജില്ലാ സര്‍വേ സൂപ്രണ്ട് കെ. ദാമോദരന്‍ അറിയിച്ചു. ഏറനാട്, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ വില്ലേജുകളിലാണ് സര്‍വേ ആരംഭിക്കുന്നത്. സര്‍വേ നടപടികള്‍ക്കായി ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഏഴ് ഹെഡ് സര്‍വെയര്‍മാരെയും അവരുടെ കീഴില്‍ 35 സര്‍വെയര്‍മാരെയും നിയമിച്ചു. ജില്ലാ സര്‍വേ സൂപ്രണ്ടിനെ അസി. സര്‍വേ കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. ഏറനാട് താലൂക്കില്‍ 20 വില്ലേജുകളിലും നിലമ്പൂര്‍, തിരൂര്‍ താലൂക്കില്‍ അഞ്ച് വില്ലേജുകളിലും തിരൂരങ്ങാടിയില്‍ നാല് വില്ലേജിലുമാണ് സര്‍വേ നടത്തുക.
ഏറനാട് താലൂക്കിലെ പൂക്കോട്ടൂര്‍, ആനക്കയം, വെട്ടിക്കാട്ടിരി, ഊര്‍ങ്ങാട്ടരി, കീഴ് പറമ്പ്, കാരക്കുന്ന്, എടവണ്ണ, പുല്‍പ്പറ്റ, എളംകൂര്‍, പെരകമണ്ണ, കാവനൂര്‍, അരീക്കോട്, തൃക്കലങ്ങാട്, മഞ്ചേരി, നറുകര, പാണ്ടിക്കാട് ,ചെമ്പ്രശ്ശേരി,പന്തല്ലൂര്‍,പാണക്കാട്,പയ്യനാട് വില്ലേജുകളിലും നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍, മമ്പാട്, വണ്ടൂര്‍, തിരുവാലി, പോരൂര്‍ വില്ലേജുകളിലുമാണ് സര്‍വേ നടത്തുക. തിരൂരില്‍ താനൂര്‍, പരിയാപുരം, നിറമറുതൂര്‍, താനാളൂര്‍, ഒഴൂര്‍ വില്ലേജുകളിലും തിരൂരങ്ങാടിയില്‍ മൂന്നിയൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, അറിയല്ലൂര്‍ തുടങ്ങിയ വില്ലേജുകളിലും സര്‍വേ ആരംഭിക്കും.
 
 ഡിസംബര്‍ 30 നകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാകും. വഖഫിന്റെ കണക്കനുസരിച്ച് 13374 പ്ലോട്ടുകള്‍ സര്‍വേ നടത്താനുണ്ട്. എന്നാല്‍ ഇതിന്റെ പത്തിരട്ടിയോളം സര്‍വേ നടത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 
സര്‍വേയുടെ  മുന്നോടിയായി  താലൂക്ക് തലത്തില്‍ ഇന്നുമുതല്‍ (ഒക്ടോബര്‍ 11, 16, 21 തീയതികളില്‍) വിവിധ കേന്ദ്രങ്ങളില്‍ യോഗം ചേരും. അതത് വില്ലേജ് പരിധിയില്‍പ്പെട്ട ബന്ധപ്പെട്ട മുത്തവല്ലിമാര്‍ യോഗത്തില്‍ പങ്കെടുക്കണം. 
 തിരൂരങ്ങാടി താലൂക്കിന്റെ യോഗം ഒക്ടോബര്‍ 11ന് രാവിലെ 10ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും തിരൂര്‍ താലൂക്ക് തല യോഗം വൈകീട്ട് മൂന്നിന് താനൂര്‍ അട്ടത്തോട് ദില്‍-ദാരുല്‍ ഉലൂം മദ്രസ്സയിലും നടക്കും. നിലമ്പൂരിന്റേത് 16ന് രാവിലെ 10ന് നിലമ്പൂര്‍ താലൂക്ക് ഓഫീസിലും ഏറനാട് താലൂക്ക് തല യോഗം  21 ന് രാവിലെ 11ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ചേരും. വഖഫ് ഭൂമികള്‍ സര്‍വേ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ പള്ളികമ്മറ്റി ഭാരവാഹികള്‍ ഒരുക്കണമെന്ന് ജില്ലാ സര്‍വേ  സൂപ്രണ്ട് അറിയിച്ചു. 
 

date