Skip to main content

പോഷണ്‍ അഭിയാന്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം തുടങ്ങി

ഒരു വയസ്സ് മുതലുള്ള കുട്ടികളെ ഉള്‍പ്പെടുത്താവുന്ന രൂപത്തിലേക്കു അങ്കണവാടി സംവിധാനം പരിഷ്‌കരിക്കണമെന്നു സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍. സ്വയം പരിഷ്‌കരണത്തിന് തയ്യാറായില്ലെങ്കില്‍ അങ്കണവാടികളുടെ നിലനില്‍പ്പ് പ്രയാസത്തിലാവും. കേരളത്തിന്റെ ഗതി മാറ്റിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ നടത്തിയ മുന്നേറ്റത്തിന്റെ മാതൃകയില്‍ അങ്കണവാടികള്‍ പുതിയ പരിഷ്‌കരണ കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ ന്യൂട്രീഷന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്റെ ഭാഗമായി അങ്കണവാടികളില്‍ സ്മാര്‍ട് ഫോണ്‍ നല്‍കുന്നതിനോടനുബന്ധിച്ച് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള ഐ.സി.ഡി.എസ് കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റവെയര്‍ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മാതൃകാ പദ്ധതികള്‍ക്കു തുടക്കമിട്ട മലപ്പുറത്ത് നിന്നും പോഷണ്‍ അഭിയാന്‍ പദ്ധതിക്കു തുടക്കമിടുന്നത് ഏറെ പ്രതീക്ഷയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ.അരുണ്‍, സാമൂഹ്യ നീതി വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ശിവന്യ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, പ്രോഗ്രാം ഓഫീസര്‍ എം.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. രാജശെല്‍വന്‍, ഷാജു എന്നിവര്‍ ക്ലാസെടുത്തു. പരിശീലനം നാളെ(ശനി) സമാപിക്കും.
 
പദ്ധതി പ്രകാരം അങ്കണവാടികളില്‍ നിലവില്‍ ഉപയോഗിച്ചു വരുന്ന രജിസ്റ്ററുകളില്‍ പത്തെണ്ണം ഇലക്രോണിക് രൂപത്തിലേക്കു മാറും. ഡാറ്റ അപ്‌ഡേഷന്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം പോഷണക്കുറവുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തവരുടെ കണക്ക് എന്നിവയുടെ വ്യക്തമായ വിവരം ലഭ്യമാകും. ഗുണഭോക്താക്കള്‍ക്കു നല്‍കി വരുന്ന ആഹാരത്തിന്റെയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും ലഭ്യതക്കുറവ് സംബന്ധിച്ച വിവരം യഥാസമയം ലഭ്യമാകുന്നതിനും ഈ സംവിധാനം ഉപകരിക്കും.
 

date