Skip to main content

കാരുണ്യആരോഗ്യസുരക്ഷാപദ്ധതി:  ജില്ലയില്‍ 404309 കുടുംബങ്ങള്‍ അംഗങ്ങള്‍   30.3കോടിരൂപയുടെ ചികിത്സ നല്‍കി

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി 2019-20 വര്‍ഷത്തേക്കുള്ള എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 404309 കുടുംബങ്ങള്‍അംഗങ്ങളായി. 38375 രോഗികള്‍ക്ക് 30.3കോടി രൂപയുടെ സൗജന്യചികിത്സ നല്‍കുകയും ചെയ്തു. 2019 ഏപ്രില്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള കണക്കാണിത്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് പദ്ധതിനടപ്പിലാക്കുന്നത്.

കാരുണ്യആരോഗ്യസുരക്ഷാപദ്ധതി

ആര്‍.എസ്.ബി.വൈ-ചിസ്, ചിസ്-പ്ലസ്, കാരുണ്യ ബെനവലന്റ് ഫണ്ട്തുടങ്ങിയ പദ്ധതികള്‍ സംയോജിപ്പിച്ചു കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയുമായി ചേര്‍ന്ന് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി 2019 ഏപ്രില്‍ ഒന്നുമുതലാണ് നടപ്പിലാക്കിവരുന്നത്. 2019 മാര്‍ച്ച് 31 വരെ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള എല്ലാ ആര്‍എസ്ബിവൈ - ചിസ് കുടുംബങ്ങള്‍ക്കും , 2011 ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയുടെ കത്ത് കിട്ടിയ കുടുംബങ്ങള്‍ക്കുമാണ് പുതിയ പദ്ധതിയില്‍ ചേരുന്നതിനുള്ള യോഗ്യത ഉണ്ടായിരുന്നത്. പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും. പദ്ധതിയില്‍ ചേരാവുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. കുടുംബത്തിലെ ഒരംഗമെങ്കിലും കാര്‍ഡ് നിലവില്‍ എടുത്തിട്ടുണ്ടെങ്കില്‍  മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. മറ്റു അംഗങ്ങള്‍ക്ക് ചികിത്സ ആവശ്യമായി വരുന്നപക്ഷം കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം എല്ലാ എംപാനല്‍ ചെയ്ത ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍കാര്‍ഡില്‍ പേരില്ലാത്തവരാണ് കൂട്ടിച്ചേര്‍ക്കാന്‍ വരുന്നതെങ്കില്‍ റേഷന്‍കാര്‍ഡിലുള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

ആനൂകൂല്യം എങ്ങനെ ലഭിക്കും

ആശുപത്രിയില്‍ പോകുമ്പോള്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്ന ഉടന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടറില്‍ കാര്‍ഡ് കാണിക്കണം. രോഗിയുടെ പേരില്‍ അല്ല നിലവില്‍ കാര്‍ഡ് എടുത്തിരിക്കുന്നത് എങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുമ്പോള്‍ കുടുംബത്തിലെ നിലവിലുള്ള അംഗത്തിന്റെ പുതിയ ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് , പഴയസ്മാര്‍ട്ട്കാര്‍ഡ് എന്നിവ ആശുപത്രിയിലെ കൗണ്ടറില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. രോഗിയുടെ പേരില്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സംവിധാനം ആശുപത്രി കൗണ്ടറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാം. 

വ്യാജവാര്‍ത്തകള്‍വിശ്വസിക്കരുത്

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പുതുതായി ചേരുന്നതിനു അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചതായും , സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പണമടച്ചു ചേരാവുന്നതാണ് തുടങ്ങിയ സന്ദേശങ്ങള്‍ വ്യാജമാണ്. പുതിയ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പത്രപരസ്യങ്ങള്‍ വഴി അറിയിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് 8002002530, 18001212530 എന്നീടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.

പദ്ധതി വഴി സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍

സര്‍ക്കാര്‍ ആശുപത്രികള്‍ :  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി,  നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍,പൊന്നാനി ജില്ലാ ആശുപത്രികള്‍, പൊന്നാനി, തിരൂരങ്ങാടി, മലപ്പുറം താലൂക്ക് ആശുപത്രി, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, അരീക്കോട്, വണ്ടൂര്‍, കൊണ്ടോട്ടി, വണ്ടൂര്‍ താലൂക്ക് ആശുപത്രി, എടപ്പാള്‍, പുറത്തൂര്‍, താനൂര്‍, ഓമാനൂര്‍, കാളികാവ്, ചുങ്കത്തറ, മേലാറ്റൂര്‍, എടവണ്ണ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍.
സ്വകാര്യആശുപത്രികള്‍ : എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രി, എച്ച്.എം.എസ്.ഹോസ്പിറ്റല്‍ കോട്ടക്കല്‍, പി.ജി ഹോസ്പിറ്റല്‍ നിലമ്പൂര്‍, ഏലംകുളം ഹോസ്പിറ്റല്‍ നിലമ്പൂര്‍, ഏറനാട് ഹോസ്പിറ്റല്‍ എടക്കര, ഇ.എം.സ് ഹോസ്പിറ്റല്‍ എടവണ്ണ,  രാജഗിരി ഹോസ്പിറ്റല്‍ എടവണ്ണ,  ബി.എം ഹോസ്പിറ്റല്‍ നിലമ്പൂര്‍, നിസാര്‍ കാര്‍ഡിയാക്‌സെന്റര്‍ വളാഞ്ചേരി, മൂന്നിയൂര്‍ നഴ്‌സിങ് ഹോം, അഹല്യ കണ്ണാശുപത്രി മഞ്ചേരി, അഹല്യകണ്ണാശുപത്രി കോട്ടക്കല്‍, റെയ്ഹാന്‍ കണ്ണാശുപത്രി എടപ്പാള്‍, അല്‍റെയ്ഹാന്‍ കണ്ണാശുപത്രി കൊണ്ടോട്ടി, ഇമ്രാന്‍സ് കണ്ണാശുപത്രി ചെമ്മാട്, അല്‍മനാറ കണ്ണാശുപത്രി തിരൂര്‍, പീപ്പിള്‍സ് ഹോസ്പിറ്റല്‍ പൂക്കോട്ടുപാടം, അല്‍സലാമ കണ്ണാശുപത്രി പെരിന്തല്‍മണ്ണ, ചാലിയാര്‍ ഹോസ്പിറ്റല്‍ നിലമ്പൂര്‍, ഐ ടീസ് മലബാര്‍ കണ്ണാശുപത്രി മലപ്പുറം, ഇഖ്‌റഹോസ്പിറ്റല്‍ വാഴക്കാട്.
 

date