Skip to main content

വടക്കേനടയിലെ പാർക്കിങ്ങ് തർക്കം ഒത്തുതീർപ്പായി

കൊടുങ്ങല്ലൂർ വടക്കെ നടയിലെ പാർക്കിങ്ങ് നിരോധനം സംബന്ധിച്ച് പ്രശ്‌നം പരിഹരിക്കുവാൻ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. എസ്ബി.ഐ ജംഗ്ഷനിൽ നിന്ന് കോടതി വളവ് വഴി വടക്കോട്ട് പി.വി.ബിൽഡിങ്‌സ് വരെയാണ് വാഹനങ്ങളുടെ പാർക്കിങ് നിരോധനം നടപ്പിലാക്കിയത്. പടിഞ്ഞാറ് ഭാഗത്ത് ഗേൾസ് ഹൈസ്‌കൂളിന് മുൻവശത്തും നിരോധനം നടപ്പിലാക്കിയിരുന്നു. ഒത്തുതീർപ്പിലെ തീരുമാനപ്രകാരം പി.വി. ബിൽഡിങ്ങിന് മുൻപിൽ ഒരു വരി മാത്രം ടൂ വീലർ പാർക്കിങ് അനുവദിക്കും. മറ്റ് വാഹനങ്ങൾക്ക് അവിടെ പാർക്കിങ് അനുവദിക്കില്ല. തപസ്യയുടെ മുൻപിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് മാത്രം ടൂ വീലർ വെയ്ക്കാം. റോഡിലേക്ക് നീക്കി വെച്ചാൽ പിഴ വസൂലാക്കും. ഇതിന് കച്ചവടക്കാർ തന്നെ സെക്യൂരിറ്റിയെ നിയമിക്കണം. നിലവിൽ പാർക്കിങ് ഉള്ള കെട്ടിടങ്ങളിലെ സ്ഥലം പാർക്കിങ്ങിന് തന്നെ ഉപയോഗിക്കണം. റോഡിൽ വർക്ക്‌ഷോപ്പ് നടത്തുന്നതും മററും കർശനമായി നിരോധിക്കും. തീരുമാനം ഉടനെ തന്നെ നിലവിൽ വരും. ട്രാഫിക് റഗുലേറ്ററി കമ്മിററി അംഗങ്ങൾ, നഗരസഭ പ്രതിനിധികൾ, മെർച്ചൻസ് അസോസിയേഷൻ നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സന്നദ്ധ സംഘടനകൾ ,വടക്കെ നടയിലെ കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

date