വിമുക്തി: ജില്ലാതല കബഡി മത്സരം ജനുവരി 12-ന്
കൊച്ചി: എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ബാനറില്‍ 19 വയസില്‍ താഴെയുളള സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ യുവജന ദിനമായ ജനുവരി 12-ന് രാവിലെ ഒമ്പത് മുതല്‍ ഞാറയ്ക്കല്‍ സെന്റ് മേരീസ് യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എറണാകുളം ജില്ലാതല കബഡികളി മത്സരം നടത്തും. കായിക അധ്യാപകരുടെയും കബഡി അസോസിയേഷന്റെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. എസ് ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് മത്സരം ഉദ്ഘാടനം ചെയ്യും.
കബഡി മത്സരത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ലഹരിവരുദ്ധ ബോധവത്കരണ സന്ദേശം നല്‍കുന്ന റാലിയും ഉണ്ടായിരിക്കും. ഇതിനു മുന്നോടിയായി സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച പ്ലക്കാര്‍ഡ് മത്സരവും സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 5000 രൂപയും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 4000, 3000 രൂപ എന്നീ നരിക്കില്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
യുവാക്കളിലും, സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് വിമുക്തി പദ്ധതിയുടെ ഭാഗമായി കലാ കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
- Log in to post comments