Skip to main content

സഹകരണ ഓഡിറ്റ് മാന്വലിന്റെ പരിഷ്‌കരിച്ച ഒന്നാം ഭാഗത്തിന്റെ  കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു

 

പരിഷ്‌കരിച്ച സഹകരണ ഓഡിറ്റ് മാന്വലിന്റെ ഒന്നാം ഭാഗത്തിന്റെ കരട് മാന്വല്‍ പരിഷ്‌ക്കരണത്തിനായി നിയമിക്കപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് സമര്‍പ്പിച്ചു. 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരള സഹകരണ ഓഡിറ്റ് മാന്വല്‍ പരിഷ്‌ക്കരിക്കുന്നത്. സഹകരണ മേഖലയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കരട് തയാറാക്കിയത്.

സഹകരണ മേഖലയിലെ ഘടനാമാറ്റങ്ങള്‍ പരിഗണിച്ച് ഓഡിറ്റ് മാന്വല്‍ മൂന്ന് ഘട്ടമായി പരിഷ്‌ക്കരിക്കുന്നതിനാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പൊതുവായ ഓഡിറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (കമ്പ്യൂട്ടര്‍വല്‍കൃത സ്ഥാപനങ്ങളിലെ ഓഡിറ്റടക്കം) ഉള്‍ക്കൊള്ളുന്ന ഒന്നാംഭാഗം, സഹകരണ വായ്പാമേഖലയിലെ ഓഡിറ്റ് സംബന്ധിച്ച രണ്ടാം ഭാഗം, വായ്‌പേതര സഹകരണ സ്ഥാപനങ്ങള്‍, സഹകരണ ബോര്‍ഡുകള്‍ എന്നിവയുടെ ഓഡിറ്റ് സംബന്ധിച്ച മൂന്നാംഭാഗം എന്ന രീതിയിലാണ് പരിഷ്‌ക്കരണം ക്രമീകരിച്ചിട്ടുള്ളത്.

സഹകരണ മേഖലയ്ക്കായി പ്രത്യേക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പോളിസി, അക്കൗണ്ടിംഗ് മാന്വല്‍, പൊതുവായ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, ഓഡിറ്റര്‍മാര്‍ക്ക് തീവ്ര കമ്പ്യൂട്ടര്‍ പരിശീലനം, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്, മൈഗ്രേഷന്‍ ഓഡിറ്റ് എന്നിവ നിര്‍ബന്ധമാക്കല്‍ തുടങ്ങിയവയാണ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

പി.എന്‍.എക്‌സ്.110/18

date