Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ

സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനുള്ള 2018-19 അദ്ധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. നാലില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണിവരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ മത്സര പരീക്ഷ നടത്തും.  കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്നവരും, വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത മത്സര പരീക്ഷയില്‍ പങ്കെടുക്കാം.  പ്രത്യേക ദുര്‍ബ്ബല ഗോത്ര വര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധിയില്ല.

പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍ വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കി അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ജില്ലയിലെ ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഫെബ്രുവരി അഞ്ചിനകം ലഭ്യമാക്കണം.  അപേക്ഷയോടൊപ്പം ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.

സംസ്ഥാന തലത്തില്‍ 200 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുന്നത്.  മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പ് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെ എത്തിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും, പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനും അടക്കമുള്ള ധനസഹായം ലഭിക്കും.  ഇവയ്ക്ക് പുറമേ 10 വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പെന്റും ലഭിക്കും. 

വിശദവിവരങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകള്‍/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.     

പി.എന്‍.എക്‌സ്.115/18

date