Skip to main content

ജില്ലാ പഞ്ചായത്ത് പദ്ധതി തുക വിനിയോഗത്തില്‍   പിന്നിലാണെന്ന പ്രചരണം അടിസ്ഥാനരഹിതം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ പഞ്ചായത്ത് പദ്ധതി തുക വിനിയോഗത്തില്‍  പുറകിലാണെന്നുളള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ട്രഷറി നിയന്ത്രണം മൂലം അഞ്ചുകോടി രൂപയോളം ബില്ലുകള്‍ മാറാനുണ്ട്. ട്രഷറി നിയന്ത്രണം നീങ്ങിയാലുടന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ 20 ശതമാനം ആകും.  മാര്‍ച്ച് മാസത്തോടെ തുക ചെലവഴിക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് മുന്‍പിലെത്തും. 

ജില്ലയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 83കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു. ഉല്‍പ്പാദന സേവന പശ്ചാത്തല മേഖലകളിലും വിവിധ റോഡുകള്‍, കുടിവെളള പദ്ധതികള്‍, പാലിയേറ്റിവ്‌കെയര്‍ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കായുളള മുച്ചക്ര വാഹന പദ്ധതി, സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍, സി.സി. ടിവി പദ്ധതി, ജൈവകൃഷി പ്രോത്സാഹനം ഉള്‍പ്പടെ ജില്ലാ പഞ്ചായത്തിന്റെ 22 ഡിവിഷനുകളിലായി പദ്ധതികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയായിവരുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കായുളള മുച്ചക്ര വാഹനം (സ്‌കൂട്ടര്‍ വിത്ത്‌സൈഡ് വീല്‍) - പദ്ധതിയില്‍ 50 ലക്ഷം രൂപ ചെലവഴിച്ച് 75 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 50 ലക്ഷം രൂപയുടെ ജൈവകൃഷി എക്കോഷോപ്പുകള്‍ക്കുളള പദ്ധതി രൂപീകരിച്ചു. വിവിധ ഫാമുകളുടെയും ജില്ലാ ആയുര്‍വ്വേദ, ഹോമിയോ ആശുപത്രിയുടെയും വികസനത്തിന് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. പാലിയേറ്റിവ് പദ്ധതി, പത്താം ക്ലാസ്തുല്യതാ എന്നിവ പുരോഗമിക്കുന്നു. സ്‌കൂളുകളില്‍ അധിക പഠനസമയ പദ്ധതിക്ക് ഒരുകോടി രൂപയും പോളവാരല്‍ മെഷീന്‍ വാങ്ങുന്നതിന് 50 ലക്ഷംരൂപയും യോഗ പരിശീലനത്തിന് 10 ലക്ഷംരൂപയും വിവിധ അംഗന്‍ വാടികള്‍ക്ക് കെട്ടിടം പണിയുന്നതിന് 44 ലക്ഷംരൂപയും വകയിരുത്തി പദ്ധതികള്‍ പൂര്‍ത്തിയാക്കി വരികയാണ്. 

                                                      (കെ.ഐ.ഒ.പി.ആര്‍-44/18)                       

date