Skip to main content

തണലേകാന്‍ സാന്ത്വന കേന്ദ്രമൊരുങ്ങുന്നു

 

പെരിന്തല്‍മണ്ണ നഗരസഭയുടെ ഇരുപത്തി അഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള രജത ജൂബിലി മിഷന്‍  പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തിലെ  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അഭയ കേന്ദ്രം ഒരുങ്ങുന്നു. ഇരുപത്തി എട്ടാം വാര്‍ഡ് ജൂബിലി റോഡിലെ കാഞ്ഞിരക്കുന്നില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് സാന്ത്വന കേന്ദ്രം നിര്‍മിക്കുന്നത്.സാന്ത്വനം കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം നിര്‍വ്വഹിച്ചു. 
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് നഗരത്തില്‍ ഒരു അഭയ കേന്ദ്രമൊരുക്കുക എന്നതാണ് ലക്ഷ്യം. തെരുവിലലയുന്നവര്‍, അരക്കു താഴെ തളര്‍ന്നവര്‍, നിത്യരോഗികള്‍, വയോജനങ്ങള്‍ എന്നിങ്ങിനെ അവശതയനുഭവിക്കുന്ന ആര്‍ക്കും ആവശ്യാനുസരരണം സാന്ത്വന കേന്ദ്രത്തിലെത്താം. ഇവിടെയെത്തുന്നവര്‍ക്ക് ആരോഗ്യ പരിചരണം, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കുകയും ചെയ്യും. അതോടൊപ്പം ഇത്തരം അവശതയനുഭവിക്കുന്നവരുടെ മാനസിക ഉല്ലാസത്തിനും, പുനരധിവാസത്തിനും വേണ്ട പരിശീലനങ്ങള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍ കലാ കായിക പരിപാടികള്‍, വിനോദയാത്രകള്‍ എന്നിവയും കേന്ദ്രത്തില്‍ സംഘടിപ്പിക്കും.

നഗരസഭ ബഡ്‌സ് സ്‌ക്കൂള്‍, വയോമിത്രം ക്ലിനിക്ക്, പാലിയേറ്റീവ് വിങ്ങ്, അരക്കു താഴെ തളര്‍ന്നവര്‍ക്കായി നടന്നു കൊണ്ടിരിക്കുന്ന തൊഴില്‍ പരിശീലനം, ദശദിന ക്യാമ്പ്,
 സാഫല്യം പദ്ധതിയിലെ പരിപാടികള്‍ എന്നിവയുടെ കേന്ദ്രമാമായും സാന്ത്വന കേന്ദ്രം പ്രവര്‍ത്തിക്കും. 

പത്ത് പേര്‍ക്ക് താമസിക്കാവുന്ന എട്ടു ഡോര്‍മെറ്ററികള്‍, വിശാലമായ രണ്ട് പരിശീലന ഹാളുകള്‍, ടോയ്‌ലറ്റുകള്‍, അടുക്കള, ഡോക്ടര്‍ കണ്‍സള്‍ട്ടിങ്ങ് റൂം, നഴ്‌സ് സ്റ്റേഷന്‍, ഫിസിയോ തെറാപ്പി സെന്റര്‍, ബഡ്‌സ് സ്‌ക്കൂള്‍ റൂം, ഭിന്നശേഷിക്കാര്‍ക്ക് ചുറ്റും സഞ്ചരിക്കാന്‍ പാകത്തില്‍ സജ്ജമാക്കിയ കോമണ്‍ ഏരിയകള്‍ എന്നിവയടങ്ങിയ 25671 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായാണ് കേന്ദ്രത്തിന്റെ നിര്‍മാണം. കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ പരിശോധന, നഴ്‌സ്മാരുടെ സേവനം, സൗജന്യ ഭക്ഷണം, ആവശ്യമായ മറ്റ് പരിചരണങ്ങള്‍ എന്നിവ ലഭിക്കും. ഇതിനെല്ലാം ആവശ്യമായ ജീവനക്കാരെയും ലഭ്യമാക്കും.

അഞ്ചു കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ നിര്‍മ്മാണച്ചുമതല പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടി -ആര്‍.സി എഫിനാണ് നല്‍കിയിട്ടുള്ളത്. പ്രകൃതി വസ്തുക്കളെ 70ശതമാനം ഒഴിവാക്കി ഗ്ലാസ്സ് മറ്റ് അസംസ്‌കൃത വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്തുണ്ടാക്കുന്ന പ്രി-ഫാബ് ടെക്‌നോളജി ഉപയോഗിച്ച് നൂതന രീതിയിലുള്ള നിര്‍മ്മാണമായിരിക്കും എഫ്.എ.സി.ടി- ആര്‍.സി.എഫ് നടത്തുന്നത്. ആറു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കണക്കിലാക്കുന്നത്.
കേരളത്തില്‍ ആദ്യമായി നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സാന്ത്വന ചരിത്രത്തിലെ വേറിട്ട ഈ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷന്‍ ( എന്‍ യൂ എല്‍ എം) ല്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട് .ബാക്കി മൂന്ന് കോടി രൂപ നഗരസഭ നല്‍കും.
ശിലാസ്ഥാപന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി.രമേശന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരസമിതി ചെയര്‍മാന്‍മാരായ പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍, കിഴിശ്ശേരി മുസ്തഫ, ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ശോഭന ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജംനാ ബിന്‍ത്, എന്‍.യൂ.എല്‍.എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ ഹേമലത, കെ.ഉണ്ണിക്കൃഷ്ന്‍, പത്തത്ത് ജാഫര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.ദിലീപ് കുമാര്‍, സാഫല്യം വയോജന പദ്ധതി രക്ഷാധികാരി എം.കെ ശ്രീധരന്‍, വയോമിത്രം മെഡിക്കല്‍ ഇന്‍ചാര്‍ജ് ഡോ.ശാന്തകുമാരി, മുനിസിപ്പല്‍ സെക്രട്ടറി അബ്ദുല്‍ സജിം, മുനിസിപ്പല്‍ എഞ്ചീനിയര്‍ എന്‍.പ്രസന്നകുമാര്‍,  രാധാകൃഷ്ണന്‍ ( ഫാക്റ്റ്ബ ആര്‍ സി എഫ്) മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധി ഷാലിമാര്‍ ഷൗക്കത്ത്, വ്യാപാരി വ്യവസായി സമിതി കെ.സുബ്രഹ്മണ്യന്‍. കുടുംബശ്രി ചെയര്‍പേഴ്‌സണ്‍ എം.പ്രേമലത, എന്‍.യു എല്‍.എം കോര്‍ഡിനേറ്റര്‍ സുബൈറുല്‍ അവാന്‍, സാന്ത്വനം കോ-ഓര്‍ഡിനേറ്റര്‍ കിഴിശ്ശേരി സലിം എന്നിവര്‍ സംസാരിച്ചു.
 

date