സ്റ്റാര്‍ട്ട് അപ് ഗ്രാമീണ സംരംഭക പദ്ധതി കൂടുതല്‍ ബ്ലോക്കുകളിലേക്ക്; നെന്മാറ നടപ്പാക്കിയ പദ്ധതി വിജയകരം
സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ദാരിദ്ര്യം ഇല്ലാതാക്കി ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഓരോ ബ്ലോക്കുകളില്‍ നടപ്പിലാക്കിയ സ്റ്റാര്‍ട്ട് അപ് ഗ്രാമീണ സംരംഭക പദ്ധതി കൂടുതല്‍ ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കുന്നു. ജില്ലയില്‍ എസ്.വി.ഇ.പി (സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്പ്രീനര്ഷിപ് പ്രോഗ്രാം) പദ്ധതി നടപ്പാക്കുന്നതിന് നെന്മാറ ബ്ലോക്ക് പഞ്ചായത്താണ് തിരഞ്ഞെടുക്കപ്പെട്ടത്. പദ്ധതിയുടെ വിജയത്തെത്തുടര്‍ന്ന് ജില്ലയിലെ മറ്റൊരു ബ്ലോക്കിലും പദ്ധതി നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. നെന്മാറ ബ്ലോക്കില്‍ ഇന്ന് (ഒക്ടോബര്‍ 23) എസ്.വി.ഇ.പി യുടെ നാലാം റൗണ്ടില്‍ 66 പേര്‍ക്കുള്ള കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് വിതരണം ചെയ്യും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്, ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ സി.ഡി.എസ്. ചെയര്പേഴ്സണ്മാര്, അംഗങ്ങള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
2018 ജനുവരിയിലാണ് നെന്മാറ ബ്ലോക്കില്‍ എസ്.വി.ഇ.പി പദ്ധതിക്ക് തുടക്കമായത്. കേന്ദ്ര- സംസ്ഥാന പദ്ധതിയായ എസ്.വി.ഇ.പി കുടുംബശ്രീ മുഖേനയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയ്ക്ക് നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് ഓരോ മെന്റര്‍മാരെ ബ്ലോക്കില്‍ നിയോഗിച്ചിട്ടുണ്ട്. നാലുവര്‍ഷത്തില്‍ 2000 ബിസിനസ് സംരംഭങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ നടപ്പാക്കുന്ന മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന് ഈ പദ്ധതി പ്രകാരം സംരംഭം തുടങ്ങാം. ഒരു വര്‍ഷത്തേക്ക് നാലു ശതമാനം പലിശയില്‍ നിശ്ചിത തുക വായ്പയായി നല്‍കും. ബ്ലോക്കിനു കീഴിലെ ഏഴു പഞ്ചായത്തുകളിലെയും മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്മാര്‍ക്കാണ് മാസം തോറും തിരിച്ചടവ് തുക നല്‍കേണ്ടത്. ഇത്തരത്തില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 159 സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഇതുവരെ 46,53000 രൂപ ചെലവാക്കി. ബ്യൂട്ടി പാര്‍ലറുകള്‍, പലചരക്ക് കടകള്‍, സലൂണുകള്‍, അരിമാവ്, നാടന്‍ പലഹാരങ്ങള്‍, കാന്റീനുകള്‍, ചെണ്ടമേള ഗ്രൂപ്പുകള്‍ തുടങ്ങി വിവിധ സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
- Log in to post comments