Skip to main content

മൂന്നരവർഷം: ജല അതോറിട്ടി നൽകിയത് ആറ് ലക്ഷം കണക്ഷനുകൾ

ഈ സർക്കാർ അധികാരത്തിലെത്തി മൂന്നരവർഷംകൊണ്ട് ജല അതോറിട്ടി വഴി നൽകിയത് ആറ് ലക്ഷത്തിൽപരം കുടിവെള്ള കണക്ഷൻ. 2016 മേയ് മുതൽ 2019 സെപ്തംബർ അവസാനംവരെയുള്ള കാലയളവിൽ 6,06,880 കണക്ഷനുകളാണ് ജല അതോറിട്ടി നൽകിയത്. അതിന് തൊട്ടുമുമ്പുള്ള അഞ്ചുവർഷക്കാലംകൊണ്ടു നൽകിയത് 6,15,726 കണക്ഷനുകളായിരുന്നു. അതിനടുത്ത് കണക്ഷനുകൾ മൂന്നരവർഷംകൊണ്ട് നൽകാൻ ജലഅതോറിട്ടിക്ക് കഴിഞ്ഞു. 10 ലക്ഷം കുടുംബങ്ങൾക്കെങ്കിലും കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ ജല അതോറിട്ടി.
ജൽജീവൻ മിഷനുമായി സഹകരിച്ച്, വരുന്ന അഞ്ച് വർഷംകൊണ്ട് 55 ലക്ഷം ഗ്രാമീണ വീടുകളിൽ പൈപ്പിൽകൂടി ശുദ്ധജലമെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ചെലവിന്റെ പകുതി കേന്ദ്രസർക്കാരും ബാക്കി സംസ്ഥാനവും വഹിക്കും. ഇതിന്റെ കർമപദ്ധതി തയാറാക്കൽ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ മുന്നോടിയായി ജലബജറ്റ് തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 5,65,722 ഗാർഹിക കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ഗാർഹികേതര മേഖലയിൽ 30,209 കണക്ഷനുകളും വ്യവസായ മേഖലയിൽ 318 കണക്ഷനുകളും മറ്റ് പദ്ധതികളിലായി 10,631 കണക്ഷനുകളും നൽകിയിട്ടുണ്ട്. ആകെയുള്ള 30 ഡിവിഷനുകളിലും കൂടി നിലവിൽ 25,39,959 പേർക്കാണ് കുടിവെളള കണക്ഷനുകൾ നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് ആലപ്പുഴ ഡിവിഷനു കീഴിലാണ് ഏറ്റവും കൂടുതൽ കണക്ഷൻ നൽകിയിട്ടുള്ളത്. 60,051 ഗാർഹിക കണക്ഷൻ അടക്കം 61,912 കുടിവെള്ള കണക്ഷൻ ഈ ഡിവിഷനു കീഴിൽ നൽകിയിട്ടുണ്ട്. കൊല്ലം പിഎച്ചിന് കീഴിൽ 43,292 ഉം, കോഴിക്കോട് ഡിവിഷനിൽ 35,677 ഉം, പാലക്കാട് ഡിവിഷനിൽ 30,685 ഉം കൊച്ചി ഡബ്ല്യുഎസിന് കീഴിൽ 29,045 ഉം, ആറ്റങ്ങലിൽ 27,167 ഉം, ഇരിങ്ങാലക്കുട ഡിവിഷനു കീഴിൽ 26,066 ഉം മലപ്പുറത്ത് 25,396 ഉം, കൊച്ചി പിഎച്ച് ഡിവിഷനിൽ 25,067 ഉം കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്.
മറ്റ് ഡിവിഷനുകളിൽനിന്നും നൽകുന്ന കണക്ഷനുകളുടെ വിവരം ചുവടെ:
ആലുവ: 17742, അരുവിക്കര: 19353, എടപ്പാൾ: 12815, കടുത്തുരുത്തി: 20634, കണ്ണൂർ: 17104, കാസർകോട്: 4525, കൊട്ടാരക്കര: 14751, കോട്ടയം: 16065, മൂവാറ്റുപുഴ: 15272, നെയ്യാറ്റിൻകര: 17667, പത്തനംതിട്ട: 13938, ഷൊർണൂർ: 24835, സുൽത്താൻ ബത്തേരി: 8128, തളിപ്പറമ്പ്: 16419, തിരുവല്ല: 16054, തൊടുപുഴ: 9412, തൃശൂർ: 10393, തിരുവനന്തപുരം (നോർത്ത്): 18410, തിരുവനന്തപുരം (സൗത്ത്): 22017, വടകര: 7039.
പി.എൻ.എക്‌സ്.3800/19

date