കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സമഗ്ര പദ്ധതി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സമഗ്ര പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന കൊച്ചി നഗരസഭാ അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടു നീക്കാൻ ദുരന്ത നിവാരണ പദ്ധതി നടപ്പാക്കിയ അനുഭവമുണ്ട്. അത്തരത്തിലുള്ള മാതൃകകളുടെ അടിസ്ഥാനത്തിൽ കൊച്ചി നഗരത്തിന് പ്രത്യേകമായ പദ്ധതി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യുട്ടീവ് ഉടനെ ചേരും.
വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' എന്ന അടിയന്തര പദ്ധതിയാണ് നടപ്പാക്കിയത്. അടുത്ത ഘട്ടം സമഗ്രമായ കർമ്മ പദ്ധതിയാണ്. മൂന്നുമാസത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കണം. ഇതു സംബന്ധിച്ച് ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കും. അതോടൊപ്പം കൊച്ചിയെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും. കനാലുകൾ സ്ഥിരമായി ശുചിയാക്കാനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ബൃഹദ് പദ്ധതി നിലവിലുണ്ട്. കിഫ്ബി വഴിയാണ് അത് നടപ്പാക്കുന്നത്. അത് ഉടൻ ലക്ഷ്യം കാണുന്ന രീതിയിൽ പുനക്രമീകരിക്കും.
കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് സംസ്ഥാനത്ത് ആകെ ശ്രദ്ധിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസ്സ്റ്റാൻറ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, പി ആൻറ് ടി കോളനി, ഉദയ കോളനി, അയ്യപ്പൻകാവ്, കലൂർ, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി ഉണ്ടായത്. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണ്ടിവന്നു. പെട്ടെന്നുണ്ടായ പ്രതിഭാസമായി ഇതിനെ കാണാനാവില്ല. ഡ്രെയിനേജ് സംവിധാനത്തിലെ തകരാറുകളാണ് ഈ വെള്ളക്കെട്ടിന്റെ മുഖ്യ കാരണം. സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുല്ലശ്ശേരി കനാൽ, പേരണ്ടൂർ കനാൽ, മാർക്കറ്റ് കനാൽ, ഇടപ്പള്ളി റോഡ് എന്നിവയിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതായി കാണുന്നുണ്ട്.
മാലിന്യങ്ങൾ നിറഞ്ഞ ഓടകളും ഓവുചാലുകളും സമയബന്ധിതമായി ശുചീകരിക്കുന്നതിന് നഗരസഭയ്ക്ക് ഒരു കർമ്മപദ്ധതി ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിവേഗം നഗരവൽക്കരണം നടക്കുന്നതിനാൽ റോഡുകളിൽ വെള്ളക്കെട്ടു പതിവാകുന്നു. കൃത്യമായ ക്ലീനിങ് ഉറപ്പാക്കണം. ദിവസേന റോഡ് വ്യത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മഴക്കാലപൂർവ്വ ശുചീകരണം നിർബന്ധമാക്കണം. ഇത്തരം കാര്യങ്ങളിൽ കൃത്യമായ ഉത്തരവാദിത്ത നിർവ്വഹണം പ്രധാനമാണ്. അതിൽ വന്ന വീഴ്ചയാണ് ഒരു വലിയ മഴ വന്നപ്പോൾ നഗരം വെള്ളത്തിൽ മുങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിർമാണ പ്രവർത്തനം വർധിച്ചതിന്റെയും സൗന്ദര്യവൽക്കരണത്തിന്റെയും ഭാഗമായി വെള്ളം ഇറങ്ങുന്നതിനുള്ള തടസ്സങ്ങൾ ബന്ധപ്പെട്ടവർ യോഗത്തിൽ വിശദീകരിച്ചു. കനാലുകളുടെ നവീകരണത്തിനും ശുചീകരണത്തിനും കൊച്ചി നഗരസഭയുടെ നടപടികൾ എന്തൊക്കെയാണെന്നും അതിൻറെ തൽസ്ഥിതിയും യോഗത്തിൽ ചർച്ച ചെയ്തു.
വെള്ളക്കെട്ടിന്റെ പ്രശ്‌നവും നഗരസഭ ചെയ്ത കാര്യങ്ങളും മേയർ സൗമിനി ജയിൻ, വിശദീകരിച്ചു. വെള്ളക്കെട്ടുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ അടിയന്തര പ്രാധാന്യം നൽകി നടപ്പാക്കാൻ യോഗത്തിൽ ധാരണയായി.
തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, കൊച്ചി മേയർ സൗമിനി ജയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ,് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.3808/19
- Log in to post comments