Skip to main content

വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ ഇനി നോര്‍ക്ക റൂട്ട്സ് മുഖേന

വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്സ് ഓഫീസുകള്‍ മുഖേന ലഭ്യമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവര്‍ക്ക്  ഇത്തരം ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വിഭാഗത്തില്‍ ഇനി നേരിട്ട് വരേണ്ടതില്ല.  

വിദേശ രാജ്യങ്ങളില്‍ സമര്‍പ്പിക്കുവാനുളള കേരളത്തില്‍ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷന്‍ സേവനം ലഭ്യമാക്കുന്നതിനുളള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സിനെ അധികാരപ്പെടുത്തിയിട്ടുണ്ട്.  വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുളള ആഭ്യന്തര അറ്റസ്റ്റേഷന്‍ സൗകര്യം കൂടി നോര്‍ക്കയില്‍ ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളില്‍ സമര്‍പ്പിക്കുവാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്ട്സ് ഓഫീസുകള്‍ മുഖേന ഉദ്യോഗാര്‍ഥികള്‍ക്കും പ്രവാസികള്‍ക്കും ലഭ്യമാകും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ അഫിഡവിറ്റുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കാം.  സര്‍ട്ടിഫിക്കറ്റുകളില്‍ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ സേവനവും നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ ലഭിക്കും.  എം.ഇ.എ, അപ്പോസ്‌റ്റൈല്‍ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എംബസികളുടെ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.  അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി www.norkaroots.org എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 18004253939 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സീക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.                          

 

date