സാമ്പത്തിക സൂക്ഷ്മതയോടെ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവ സംരഭകര്‍ ശ്രമിക്കണം മന്ത്രി ഡോ. കെ.ടി. ജലീല്‍
സാമ്പത്തിക സൂക്ഷ്മതയോടെ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവ സംരഭകര്‍ ശ്രമിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. സംസ്ഥാനത്തെ യുവസമൂഹം തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളാകണം എന്ന ലക്ഷ്യത്തിലേക്കായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സംരംഭകത്വ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ ആശയങ്ങള്‍ വികസിപ്പിക്കാതെ ആരെങ്കിലും തുടങ്ങിയ ഏതെങ്കിലും സംരംഭം പകര്‍ത്താന്‍ ശ്രമിക്കുന്ന ശീലം മലയാളി മാറ്റാന്‍ ശ്രമിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തിരൂര്‍ കോരങ്ങത്ത് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല അധ്യക്ഷത വഹിച്ചു. ''സംരംഭം എല്ലാവര്‍ക്കും'' എന്ന ആശയവുമായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മികച്ച സംരംഭകത്വ ആശയങ്ങളുള്ള വര്‍ക്കായി നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ഭാഗമായാണ് നൂതന ആശയങ്ങളുള്ള നവ സംരംഭകരെ കണ്ടെത്തുന്നതിനും അവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സഹായ സഹകരണങ്ങള്‍ അറിയിക്കുന്നതിനുമായി സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മികച്ച സംരംഭക ആശയങ്ങളുള്ളവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പശ്ചാത്തലം ഒരുക്കുന്നതിന് ശില്‍പ്പശാല സഹായകമായി.
സംരംഭകത്വത്തിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ നയിച്ച ശില്‍പ്പശാലയില്‍ ഐഡിയേഷന്‍, മെന്ററിംഗ്, ഫണ്ടിംഗ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചും അവയുടെ സംശയ നിവാരണത്തിനും, എങ്ങനെ വിജയകരമായി ഒരു സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാം എന്നത് സംബന്ധിച്ചും ക്ലാസുകള്‍ നടന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ യുവ സംരംഭകര്‍ക്കായി 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം അടുത്ത് തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍. ഇന്റര്‍നെറ്റടക്കം സൗകര്യങ്ങള്‍ ഈ ഓഫീസിലുണ്ടാകും. സംസ്ഥാനത്ത് തന്നെ പുതു സംരംഭകര്‍ക്കായി ഒരു ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സൗകര്യമടക്കം ഒരുക്കി നല്‍കുന്നത് ഇതാദ്യമാണ്.
വി.അബ്ദുറഹ്മാന്‍ വിശിഷ്ടാതിഥിയായി. സി.മമ്മുട്ടി എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി എ.ഷുക്കൂര്‍, തൃപ്രങ്ങോട് ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍, പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത് സൗദ, സ്ഥിരസമിതി ചെയര്‍മാന്‍ കെ. ഉമ്മര്‍, സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ കെ. വസന്ത, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി ഗോവിന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.ഇ അബ്ദുല്‍ ലത്തീഫ്, അഡ്വ. പി നസറുള്ള എന്നിവര്‍ പങ്കെടുത്തു.
- Log in to post comments