Skip to main content

ഡ്രെയിനേജ് മാന്‍ഹോള്‍ ക്ലീനിംഗ്: പൂര്‍ണമായും യന്ത്രവത്കൃതമാക്കാന്‍ പദ്ധതി 

 

മാന്‍ഹോള്‍ ക്ലീനിംഗ് പൂര്‍ണ്ണമായും യന്ത്രവല്‍കൃതമാക്കാനാവുന്ന ഉല്‍പ്പന്ന വികസനത്തിന് വാട്ടര്‍ അതോറിറ്റി സഹായം നല്‍കുന്നു.  കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് നവീന ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി വികസിപ്പിക്കാനുള്ള സൗകര്യം ഒരുക്കാന്‍ കേരള ജല അതോറിറ്റി ഇന്നൊവേഷന്‍ സോണ്‍ എന്ന പദ്ധതി രൂപീകരിച്ചതിന്റെ ഭാഗമായാണിത്.

സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ ധാരണാപത്രം നാളെ (ജനുവരി 11) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെയും സാന്നിധ്യത്തില്‍ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഒപ്പിടും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചടങ്ങ്.

പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ പ്രശ്‌നമേഖലകള്‍ പ്രസിദ്ധീകരിക്കാനും താല്‍പര്യമുള്ള വ്യക്തികള്‍/ സംരംഭകര്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും ഒരു വെബ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കുടിവെള്ള പൈപ്പ് ലൈനുകളിലുണ്ടാകുന്ന കാണപ്പെടാത്ത ചോര്‍ച്ച മൂലം ജലം ഭൂമിക്കടിയിലൂടെ ഒഴുകിപ്പോകുന്നത്  മൂലം ഉണ്ടാകുന്ന ജലക്ഷാമവും സാമ്പത്തിക നഷ്ടവും ആണ് കുടിവെള്ള മേഖലയിലെ ഒരു പ്രധാന പ്രശ്‌നം. അത് പോലെ മലിനജലനിര്‍മ്മാര്‍ജനരംഗത്ത് സിവേജ് പൈപ്പുകളിലും മാന്‍ ഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നത് നീക്കാന്‍ യന്ത്രസാമഗ്രികള്‍ അപര്യാപ്തമാകുന്നതിനാല്‍ ഇത്തരത്തിലുള്ള തടസ്സങ്ങള്‍ മാറ്റാന്‍  മനുഷ്യ പ്രയത്‌നം ആവശ്യമായി വരുന്നുണ്ട്.  ഈ പ്രധാന പ്രശ്‌നങ്ങളാണ് ആദ്യഘട്ടത്തില്‍ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചത്.  KWIZ വെബ്‌പോര്‍ട്ടലില്‍ രജിസറ്റര്‍ ചെയ്തിട്ടുള്ളവര്‍ സമര്‍പ്പിച്ച രണ്ടു പ്രോജക്ടുകള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയാണ് പദ്ധതി തെരഞ്ഞെടുത്തത്.

പി.എന്‍.എക്‌സ്.125/18

date