Skip to main content

ദേശീയ മന്തുരോഗ നിവാരണം : ജില്ലയില്‍  പരിപാടി നവംബര്‍ 11 മുതല്‍.

 

 

ദേശീയ മന്ത്‌രോഗ നിവാരണ ചികിത്സാ പരിപാടിയുടെ ജില്ലാതല  പരിപാടികള്‍ നവംബര്‍ 11 മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. ജില്ലയിലെ  രോഗസംക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ നവംബര്‍ 11 മുതല്‍ 20 വരെയും  രണ്ടാംഘട്ടം നവംബര്‍ 21 മുതല്‍ 30 വരെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും നടത്തും. 2020 തോടെ  ജില്ലയില്‍ നിന്നും പൂര്‍ണ്ണമായും മന്തുരോഗം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ്  സാമൂഹിക ചികിത്സാ പരിപാടി സംഘടിപ്പിക്കുന്നത്.

മനുഷ്യശരീരത്തിലെ ലസിക ഗ്രന്ഥികളിലും കുഴലുകളിലും  ജീവിക്കുന്ന മന്ത് വിരയാണ് (ഫൈലേറിയ) രോഗത്തിന് പ്രധാന കാരണം. ഇവയുടെ കുഞ്ഞുങ്ങളായ മൈക്രോഫൈലേറിയ രക്തത്തില്‍ കാണപ്പെടുന്നു. രോഗാണു വാഹകരുടെ രക്തം കുടിക്കുന്ന ക്യുലക്‌സ്, മന്‍സോണിയ  വിഭാഗം കൊതുകുകള്‍ വഴി രോഗം മറ്റുള്ളവരിലേയ്ക്കും പകരുന്നു. രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.  കൈകാലുകള്‍, വൃഷണങ്ങള്‍, സ്തനങ്ങള്‍ എന്നിവയില്‍ ആദ്യം വീക്കത്തിന് കാരണമാവുകയും  പിന്നീട് വികൃതമായി വളര്‍ന്ന് ശാരീരികവും മാനസികവുമായ യാതനകള്‍ അനുഭവിക്കേണ്ട അവസ്ഥയിലേക്ക്  മാറുകയും ചെയ്യും.

രോഗനിവാരണത്തിന് ഡി.ഇ.സി., ആല്‍ബന്‍ഡസോള്‍ ഗുളികള്‍.

വര്‍ഷത്തില്‍ ഒരു തവണ ഓരോ ഡോസ് ഡി.ഇ.സി., ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ച് മന്തുരോഗ നിവാരണം നടത്താം. രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, കാന്‍സര്‍,  വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ഒഴികെ എല്ലാവര്‍ക്കും ഗുളിക കഴിക്കാം. രണ്ടു മുതല്‍ അഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഡി.ഇ.സി. ഒന്നും ( 100 എം.ജി), ആറ് മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് ഡി. ഇ. സി. രണ്ട്, 15 വയസിന് മുകളിലുള്ളവര്‍ക്ക് ഡി.ഇ.സി. മൂന്ന് എണ്ണ ക്രമത്തിലാണ് ഗുളികകള്‍ കഴിക്കേണ്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെയോ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം മാത്രമെ ഗുളികകള്‍ കഴിക്കാന്‍ പാടുളളൂ. ആഹാരത്തിന് ശേഷമാണ് ഗുളിക കഴിക്കേണ്ടത്.

നവംബര്‍ 11 മുതല്‍ 13 വരെയും നവംബര്‍ 21 മുതല്‍ 23 വരെയും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് ഗുളികകള്‍ വിതരണം ചെയ്യും. അതോടൊപ്പം നവംബര്‍ 14, 15, 24, 25 തീയതികളിലായി റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ ഒരുക്കും. കൂടാതെ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും  മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സന്ദര്‍ശിച്ച് മൊബൈല്‍ ബൂത്തുകള്‍ ഒരുക്കിയും, ജില്ലാശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലും  പ്രതിരോധ ഗുളികകള്‍  വിതരണം  ചെയ്യും.
 

date