Skip to main content

വനം ജലസമൃദ്ധിക്കും സാമ്പത്തിക അഭിവൃദ്ധിക്കും: ഫോറസ്റ്റ് പ്ലസ്2.0 പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് (ഒക്ടോ.31)തുടക്കം

വനം ജലസമൃദ്ധിക്കും സാമ്പത്തിക അഭിവൃദ്ധിക്കും:
ഫോറസ്റ്റ് പ്ലസ്2.0 പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് (ഒക്ടോ.31)തുടക്കം

കൊച്ചി: പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യവും സാധ്യതകളും മുന്‍നിര്‍ത്തി വനഭൂപരിപാലനത്തില്‍ ആവശ്യമായ പുത്തന്‍ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പാക്കി വരുന്ന ഫോറസ്റ്റ് പ്ലസ് 2.0  പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന്്് തുടക്കമാവും. വനം ജലസമൃദ്ധിക്കും സാമ്പത്തിക അഭിവൃദ്ധിക്കും എന്ന ആശയത്തിലൂന്നിയുള്ള പദ്ധതി യു എസ് എ ഐ ഡിയും  കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവകുപ്പും സംയുക്തമായാണ്  നടപ്പാക്കുന്നത്.  കേരളം , ബീഹാര്‍ ,തെലുങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തില്‍ അഗസ്ത്യാര്‍കൂട ജൈവവൈവിധ്യ സംരക്ഷണമേഖല ഉള്‍പ്പെടുന്ന തിരു.ഫോറസ്റ്റ് ഡിവിഷനിലാണ് ഫോറസ്റ്റ് പ്ല്സ് 2.0 വിന് തുടക്കമാകുക.

 പദ്ധതിയുടെ ആദ്യഘട്ടം ഫോറസ്റ്റ് പ്ലസ് ഭൂവിനിയോഗത്തിലെ പങ്കാളിത്തം എന്ന ലക്ഷ്യത്തോടെ 2012ല്‍ നടപ്പിലാക്കിയിരുന്നു. പാരിസ്ഥിതിക സേവനങ്ങളുടെ അടിസ്ഥാനത്തിലുള്ള വനഭൂപരിപാലന മാര്‍ഗങ്ങളിലൂടെ പാരിസ്ഥിതിക സാമൂഹ്യ സാമ്പത്തിക സുസ്ഥിരത  ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പന്ത്രണ്ട് ലക്ഷം ഹെക്ടര്‍  ഭൂമി മെച്ചപ്പെട്ട വനഭൂപരിപാലനത്തിന് വിധേയമാക്കുക, 12 ദശ ലക്ഷം ഡോളര്‍ മൂല്യമുള്ള പുതിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, 8 ലക്ഷം കുടുംബങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി  ഉറപ്പാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യംവയ്ക്കുന്നു.  വനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക, നീര്‍ത്തടങ്ങളുടെ പരിപാലനം മെച്ചപ്പെടുത്തുക, പാരിസ്ഥിതിക സേവനങ്ങളുടെ മേല്‍നോട്ടത്തിനും മൂല്യനിര്‍ണയത്തിനുമായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഉപകരണങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവും പദ്ധതിയുടെ ലക്ഷ്യമാണ്.  

 ഫോറസ്റ്റ് പ്ലസ് 2.0ന് ഇന്ന്്് (ഒക്ടോബര്‍ 31)  രാവിലെ 11-15 ന് തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍  വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു തുടക്കം കുറിക്കും.  ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറില്‍ വിദഗ്ധര്‍ വിഷയാതരണം നടത്തും. യു എസ് എ ഐ ഡി (ഇന്ത്യ)ഡെപ്യൂട്ടി മിഷന്‍ ഡയറക്ടര്‍ റമോണ എല്‍ ഹംസവോയി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് അഡീ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, മുഖ്യ വനം മേധാവി പി കെ കേശവന്‍, മുഖ്യ വനപാലകന്‍ സൂരേന്ദ്രകുമാര്‍, വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍  നോയല്‍ തോമസ്, യു എസ് ഐ ഡി സീനിയര്‍ ഫോറസ്ട്രി അഡൈ്വസര്‍ വര്‍ഗീസ് പോള്‍,  ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ ഉജ്ജ്വല്‍ പ്രധാന്‍, ഡോ സഞ്ജീവ പാണ്ഡേ, ഡോ നിരഞ്ജന്‍ ഘോഷ്, ഡോ കിന്‍സുക് മിത്ര,സ്വപ്ന്‍ മെഹ്റ,ഡോ മനോജ് പട്നായിക്,ഡോ സുപ്രിയാ ഭാട്ടിയ, ദേവികാ മാത്തുര്‍, കൃതികാ ഗുപ്ത,  കിരണ്‍ കെ പി തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി ഫോറസ്റ്റ് പ്ലസ് ടു 2.0 പദ്ധതി സംബന്ധിച്ച ക്ളാസുകള്‍ നയിക്കും.  
 
 

date