Skip to main content

ബ്ലോക്ക് പഞ്ചായത്തുകൾ  കേന്ദ്രീകരിച്ച് ദുരന്തനിവാരണ സേന രൂപീകരിക്കും- ബാബു പറശ്ശേരി 

 

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ  കേന്ദ്രീകരിച്ച് ദുരന്തനിവാരണ സേന രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. 12 ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഓരോ പഞ്ചായത്തുകളില്‍ നിന്നും 10 പേരടങ്ങുന്ന ടീമിനെ ഉള്‍പ്പെടുത്തിയാവും സേന രൂപീകരിക്കുക. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പകച്ചു നില്‍ക്കാതെ ശക്തമായ രീതിയില്‍ ഇടപെട്ട് മുന്നോട്ടു പോവാന്‍ കഴിയണം. അതിനായി പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരടങ്ങിയ ദുരന്ത നിവാരണ ടീം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേനക്കു പുറമെ ദുരന്ത ബാധിത പ്രദേശത്ത് അടിയന്തമായി എത്തിക്കേണ്ട ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ എന്നിങ്ങനെയുള്ള ജീവന്‍രക്ഷാ വസ്തുക്കള്‍ ലഭ്യമായ സ്ഥലങ്ങള്‍, ഇവ ശാസ്ത്രീയമായി ഉപയോഗിക്കാന്‍ അറിയുന്ന വ്യക്തികളുടെ വിവരങ്ങളും ഫോണ്‍ നമ്പറും തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയിട്ടുള്ള ഡയറക്ടറിയും തയ്യാറാക്കും. സേനയിലംഗങ്ങളാവുന്നവര്‍ക്ക് ജനുവരിയോടെ   പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.  

ചടങ്ങില്‍ ജില്ലാ ഹോമിയോ ആശുപത്രിയുടെ വിവിധ പദ്ധതികള്‍ ഉള്‍കൊള്ളിച്ച് നിര്‍മ്മിച്ച 'ഓമനത്തിങ്കള്‍' വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വി അബ്ദുസ്സലാം ഏറ്റുവാങ്ങി. നവംബര്‍ ഒന്നിന് ടൗണ്‍ ഹാളില്‍ നടക്കുന്ന ജനനി സ്നേഹ സംഗമത്തിന്റെ ഭാഗമായാണ് 22 മിനുറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത്.  

യോഗത്തില്‍ 48 ടെണ്ടറുകള്‍ക്ക് അംഗീകാരം നല്‍കി. നവംബറോടു കൂടി ടെണ്ടര്‍ പൂര്‍ത്തീകരിച്ച് ജനുവരിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ അതാത് ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും യോഗം അറിയിച്ചു. 

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിംഗ്ഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുജാത മനക്കല്‍, പി. കെ സജിത, പി ജി ജോര്‍ജ്ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു,  ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനനി കണ്‍വീനര്‍ ഡോ എസ് സുനില, ജനനി മെഡിക്കല്‍ ഓഫീസര്‍ ഡോ എം റീന, സീതാലയം കണ്‍വീനര്‍ ഡോ എസ് ബിന്ദു, ആയുഷ്മാന്‍ കണ്‍വീനര്‍ ഡോ എന്‍ ജയശീ, സദ്ഗമയ കണ്‍വീനര്‍ ഡോ ദീപ രവിവര്‍മ, മാങ്കാവ് സി എം ഒ ഡോ ടി വൈ ശ്രീലേഖ  തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 ബാലാവകാശ കമ്മീഷന്‍ വടക്കന്‍ ജില്ലകളില്‍ 
'ഊരുണര്‍ത്തല്‍' സംഘടിപ്പിക്കും

 

പ്രളയക്കെടുതിയില്‍ അകപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വടക്കന്‍ ജില്ലകളില്‍ 'ഊരുണര്‍ത്ത'ലും കുട്ടികളുമായി സംവാദവും സംഘടിപ്പിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഊരുണര്‍ത്തല്‍ പരിപാടി നടത്തുന്നത്. പ്രളയത്തില്‍ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പൊതുജനങ്ങള്‍, സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കമ്മീഷന്‍ സമാഹരിച്ച പഠനോപകരണങ്ങള്‍ ഊരുണര്‍ത്തലിന്റെ ഭാഗമായി വിതരണം ചെയ്യുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. പ്രളയബാധിത ജില്ലകളിലെ ആദിവാസി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക. കോഴിക്കോട് ജില്ലയില്‍ മാവൂരില്‍ നടക്കുന്ന ഊരുണര്‍ത്തല്‍ നവംബര്‍ രണ്ടാം തീയതി പി.ടി.എ റഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ അംഗം എന്‍. ശ്രീല മേനോന്‍ അധ്യക്ഷയായിരിക്കും.

 

സെക്രട്ടേറിയറ്റ് മന്ദിരം 150-ാം വാര്‍ഷികം: വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

 

ഗവ. സെക്രട്ടേറിയറ്റിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ മൂന്നിന് ചിത്രരചനാ മത്സരം (ജലഛായം) സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്സരം. എല്‍.പി., യു. പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30ന് ആരംഭിക്കും. പതിനൊന്ന് മണി മുതലാണ് മത്സരം. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 12 മുതല്‍ നടക്കും. മത്സരം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പര്‍ നല്‍കും. വരയ്ക്കാനുള്ള മറ്റു സാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം. മത്സരാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946105965, 9447607360.

 

കാര്‍ഷിക യന്ത്രവത്കൃത പദ്ധതി - കര്‍ഷകര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ കാമ്പയിന്‍

 

കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതി 2019-20 പ്രകാരം കര്‍ഷകര്‍ക്കുളള ഡി ബി റ്റി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വേങ്ങേരി കാര്‍ഷിക പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിക്കും. കോഴിക്കോട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസും വേങ്ങേരി കാര്‍ഷിക പരിശീലന കേന്ദ്രവും സംയുക്തമായാണ് പരിപാടി നടത്തുന്നത്. ക്യാമ്പയിന്റെ ഉദ്ഘാടനം  ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു നിര്‍വ്വഹിക്കും.  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി കാര്‍ഷിക യന്ത്ര പ്രദര്‍ശനവും കൃഷി ഓഫീസര്‍മാര്‍ക്കുളള പരിശീലന പരിപാടിയും സംഘടിപ്പിക്കും. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കൃത പദ്ധതിയിലൂടെ കാടുവെട്ടുയന്ത്രം മുതല്‍ കൊയ്ത്തുമെതി  യന്ത്രം വരെയുള്ള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും  കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്‌സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ ആയി സംവിധാനം ചെയ്തിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടയില്‍ നിന്ന് താല്‍പ്പര്യമുള്ള യന്ത്രം വിലപേശി സ്വന്തമാക്കുവാനും അവസരമുണ്ട്. 
പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും www.agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.  ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ആണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷിഭവനുകളിലോ, കൃഷി അസിസ്റ്റന്റ്   എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ (0495 2723766)  ബന്ധപ്പെടാം.മൊബൈല്‍ : 9447426116, 9495032155, 9447742096.

 

റീ ഇ ടെന്‍ഡര്‍ ക്ഷണിച്ചു 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാറില്‍ നിന്ന് റീ ഇ ടെണ്ടര്‍/ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ ആറിന് ഉച്ചയ്ക്ക് മൂന്ന് മണിവരെ സമര്‍പ്പിക്കാം. ഇ ടെണ്ടര്‍ ചെയ്യാവുന്ന അവസാന തീയതി നവംബര്‍ 11 ന് അഞ്ച് മണി വരെ. ഇ ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക്  e-tenderskeralagov.in, ഫോണ്‍: 0496 2630800.

 

46 മരങ്ങള്‍ ലേലം ചെയ്യും

 

കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കാര്യാലയത്തിന്റെ കീഴിലുളള ചേളന്നൂര്‍ - ചെലപ്രം റോഡിന്റെ വശങ്ങളില്‍ നിന്ന് 46 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് നവംബര്‍ 20 ന് രാവിലെ 11.30 ന് ചെലപ്രം ജംഗ്ഷനില്‍ ലേലം ചെയ്യും. ഫോണ്‍ - 0495 2724727.

 

പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞം ആരംഭിച്ചു

 

ക്ഷീര വികസന വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ 2020 ജനുവരി 31 വരെ നടത്തുന്ന പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. പാലിന്റെ ഭൗതിക-രാസ അണുഗുണനിലവാരം മെച്ചപ്പെടുത്തുക, ക്ഷീര കര്‍ഷകര്‍ക്ക് കുടുതല്‍ മെച്ചപ്പെട്ട വില ലഭ്യമാക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുളള പാല്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യങ്ങള്‍. ജില്ലയിലെ 254 ക്ഷീര സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കുളള പരിശീലനം, ക്ഷീര വികസന വകുപ്പും മില്‍മ പ്രൊക്യൂര്‍മെന്റ് ആന്റ് ഇന്‍പൂട്ടും (പിആന്റ്‌ഐ) ചേര്‍ന്ന് ലാബ് പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റുമാര്‍ക്കുളള പരിശീലനം എന്നിവയും ഇതോടൊപ്പം നടക്കും. 

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 

  

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ രണ്ടിന് രാവിലെ 10.30 ന് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  സ്വകാര്യ സ്ഥാപനത്തിലെ സെറ്റ് എഞ്ചിനീയര്‍, സെറ്റ് സൂപ്പര്‍വൈസര്‍, (യോഗ്യത : ബി.ടെക്/ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംങ്ങ്, പുരുഷന്‍മാര്‍)     ജെ.സി.ബി കം ടിപ്പര്‍ ഡ്രൈവര്‍ (യോഗ്യത : അഞ്ച് വര്‍ഷ തൊഴില്‍ പരിചയം), സ്വകാര്യ ബാങ്കിലെ സെയില്‍സ് ഓഫീസര്‍ (യോഗ്യത : ബിരുദം) ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നവംബര്‍ രണ്ടിന് രാവിലെ 10.30ന് സെന്ററില്‍  എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.

 

 ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി ഇന്ന് സൈക്കിള്‍ യജ്ഞത്തിന് തുടക്കം 

 

കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞവുമായി കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്.  ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്, ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ, കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ന് (ഒക്ടോബര്‍ 31) രാവിലെ 8.30 ന് മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍ പരിസരത്ത് സൈക്കിള്‍ യജ്ഞത്തിന് തുടക്കമാവും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു,  ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. നവകേരളം ഹരിത കേരളം എന്ന മുദ്രവാക്യമുയര്‍ത്തി ഒക്ടോബര്‍ 31 മുതല്‍ 2020 ജനുവരി 1 വരെ നടത്തുന്ന 63 ദിന സൈക്കിള്‍ യജ്ഞത്തിന് ജില്ലാ ഹരിതകേരള മിഷന്‍, ആസ്റ്റര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവുമുണ്ട്.
സിറ്റി ക്ലസ്റ്റര്‍ ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് ഒരുക്കുന്ന പ്രതീകാത്മക സൈക്കിള്‍ കേരളം, എ.കെ.പി.എ കോഴിക്കോട് നോര്‍ത്ത് മേഖലയിലെ 63 ഫോട്ടോ ആക്ടിവിസ്റ്റുകളുടെ വണ്‍ ക്ലിക്ക് ഫോട്ടോ ഷൂട്ട്, കൊച്ചിന്‍ ബേക്കറി ഒരുക്കുന്ന ഭീമന്‍ പിറന്നാള്‍ കേക്ക്, ജെ.സി.ഐ സോണല്‍ 21 ന്റെ ഗോ ഗ്രീന്‍ ട്രീ ചലഞ്ച് തുടങ്ങിയ വേറിട്ട ചടങ്ങുകളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ദുരന്തനിവാരണ പരിശീലന പരിപാടികള്‍, ഹരിത കേരളം, ഉത്തരവാദിത്ത ടൂറിസം, ആരോഗ്യ കേരളം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും.  സൈക്കിള്‍ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്പോണ്‍സര്‍മാരുടെ സഹായത്തോടെ സൗജന്യമായി സൈക്കിളുകള്‍ നല്‍കല്‍, പുനരുപയോഗത്തിന് സാധ്യമായ പഴയ സൈക്കിളുകള്‍ ശേഖരിച്ച് റിപ്പയര്‍ ചെയ്ത് നല്‍കല്‍, സൈക്കിള്‍ ടൂറുകള്‍, വിവിധ മത്സരങ്ങള്‍, തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. 139 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 13900 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കാളികളാവും.

date