Skip to main content

സേഫ് ആന്‍ഡ് ന്യൂട്രിഷ്യസ് ഫുഡ് ; പരിശീലനം നല്‍കി 

 

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലന പരിപാടിയായ സേഫ് ആന്‍ഡ് ന്യൂട്രിഷ്യസ് ഫുഡ് @ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം ബി.ഇ.എം സ്‌കൂളില്‍ ജില്ലാ കലക്റ്റര്‍ സീറാം സാംബശിവറാവു നിര്‍വഹിച്ചു. ജീവിതശൈലീരോഗങ്ങള്‍ വ്യാപിക്കുന്ന കാലഘട്ടത്തില്‍ ശരിയായ ആഹാരം ശരിയായ അളവില്‍ ശുചിത്വ പൂര്‍ണമായി കഴിക്കേണ്ടതിന്റെ പ്രസക്തി ജില്ലാ കലക്ടര്‍ വിദ്യാര്‍ത്ഥികളുമായി പങ്കു വെച്ചു. കോഴിക്കോട് ജില്ലയില്‍ 40 സ്‌കൂളുകളിലായി നടക്കുന്ന SNF@സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സെമിനാറുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടത്തുന്നുണ്ട്. നവംബര്‍ 15 ഓടെ പരിശീലനം പൂര്‍ത്തിയാക്കി തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.

 ചടങ്ങില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ.ഏലിയാമ്മ അധ്യക്ഷത വഹിച്ചു. സുരക്ഷിതാഹാരം ജീവിതത്തിനാധാരം എന്ന സന്ദേശം വിദ്യാര്‍ഥികളിലൂടെ സമൂഹത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന പരിപാടിയുടെ ഭാഗമായി പ്രെറ്റി പീറ്റര്‍, ജിതിന്‍രാജ്.പി എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ബി.ഇഎം സ്‌കൂള്‍ മാനേജര്‍ ടി.ഐ ജെയിംസ്, പ്രിന്‍സിപ്പാള്‍ സിസിലി ജോണ്‍, ഹെഡ്മിസ്ട്രസ് ബിന്ധ്യ മേരി ജോണ്‍, കോഴിക്കോട് സൗത്ത് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍  ശ്രീസുജയന്‍, പി.ടി. എ പ്രതിനിധികള്‍, സ്‌കൂള്‍ ലീഡര്‍ എന്നിവര്‍ സംസാരിച്ചു.  

 

 

കേരള മീഡിയ അക്കാദമി: ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു നവംബര്‍ 2 ന്
          

 

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സെന്ററില്‍ നടത്തുന്ന മൂന്നാം ബാച്ച് ഫോട്ടോ ജേര്‍ണലിസം കോഴ്സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു നവംബര്‍ 2 ന് നടത്തും. അപേക്ഷകര്‍ നവംബര്‍ 2 ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം   കേരള മീഡിയ അക്കാദമി കാമ്പസില്‍ എത്തണം. വിശദവിവരങ്ങള്‍ www.keralamediaacademy.org എന്ന അക്കാദമി വെബ്സൈറ്റില്‍. ഫോണ്‍: 0471 2726275.
                                                                                     

 

ഓണം ഖാദി വിപണനമേള മെഗാ നറുക്കെടുപ്പ്

 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കിയ 2019 ലെ ഓണം ഖാദി വിപണന മേള സമ്മാന പദ്ധതിയുടെ മെഗാ നറുക്കെടുപ്പ് തിരുവനന്തപുരം  ഗോര്‍ഖി ഭവനില്‍ നടത്തി. നറുക്കെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള KZ 130016 എന്ന നമ്പരിനാണ് മുന്നാം സമ്മാനം ലഭിച്ചത്.  സമ്മാനാര്‍ഹര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ചെറൂട്ടിറോഡ്, കോഴിക്കോടുമായി ബന്ധപ്പെടണം. ഫോണ്‍ - 0495-2366156

date